തിരൂർ: കുമാരനാശൻ അനുരാഗം ജാതിമുക്തമാകുന്ന കാലം സ്വപ്നം കണ്ടുവെന്നും കാലവൈരുദ്ധ്യങ്ങളിൽ ആഴത്തിൽ വേരുപിടിച്ച കവിയാണ് ആശാനെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. ചിന്താവിഷ്ടയായ സീത എന്ന വിഷയത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ ഉത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മബലമുള്ള സ്ത്രൈണകർതൃത്വത്തെ ആദ്യമായി മലയാള കവിതയിൽ കൊണ്ടുവന്നത് കുമാരനാശാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സാഹിത്യ അക്കാദമിയും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്നാന്ന് സെമിനാർ സംഘടിപ്പിച്ചത്. കെ.പി. മോഹനൻ അധ്യക്ഷതവഹിച്ചു.

അധികാരം നിലനിൽക്കുന്ന മേഖലകളെ സംബന്ധിച്ച സുവിശേഷങ്ങളുടെ താരതമ്യമാണ് ചിന്താവിഷ്ടയായ സീതയിലൂടെ നടന്നതെന്ന് കെ.പി. മോഹനൻ പറഞ്ഞു. രാമകഥയുടെ സാർവകാലിക പ്രസക്തിയും സാർവദേശീയതയും വി. മധുസൂദനൻ നായർ ചൂണ്ടിക്കാട്ടി. .കെ.വി. തോമസ്, കെ.വി. സജയ്, രാധാമണി അയിങ്കലത്ത് എന്നിവരും പ്രസംഗിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സെമിനാറിന്റെ രണ്ടാംസെഷനിൽ എം.എം. ബഷീർ വിഷയം അവതരിപ്പിച്ചു. ഖദീജ മുംതാസ് അധ്യക്ഷതവഹിച്ചു. വ്യക്തിതലത്തിലുള്ള ശാക്തീകരണത്തിനപ്പുറത്തേക്ക് ഇന്ദുലേഖ കടന്നു പോയിട്ടില്ലെന്നും കേരളീയ നവോത്ഥാനത്തിന്റെയും സ്ത്രീവാദത്തിന്റെയും ആദ്യ അനുരണനം ഇന്ദുലേഖയിൽ കാണാൻ കഴിയുമെന്നും സാറാ ജോസഫ് പറഞ്ഞു. ഇ.പി. രാജഗോപാലൻ, അനിൽ കോവിലകം, രജനി സുബോധ് എന്നിവരും പ്രസംഗിച്ചു.

തുടർന്ന് ഹിമാൻഷു നന്ദയുടെ ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറി.