കൽപ്പകഞ്ചേരി: താനൂർ ബ്ലോക്ക് പഞ്ചായത്ത് തുവ്വക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. മുസ്‌ലിംലീഗിലെ പി.സി. അഷ്റഫാണ് വിജയിച്ചത്. സി.പി.എമ്മിലെ പി.സി. കബീർ ബാബുവിനെയാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. ആകെ പോൾചെയ്ത 7,711 വോട്ടിൽ യു.ഡി.എഫിന് 3,737 വോട്ടും എൽ.ഡി.എഫിന് 3455 വോട്ടും ലഭിച്ചു.

ബി.ജെ.പി. 388 വോട്ട് സ്വന്തമാക്കിയപ്പോൾ രണ്ട് അപരന്മാർക്ക് 131 വോട്ട് ലഭിച്ചു. യു.ഡി.എഫ്. 917 വോട്ടിനായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത്.

എട്ട് വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തുവ്വക്കാട് ഡിവിഷൻ. മൂന്ന് വാർഡുകളിൽ യു.ഡി.എഫും അഞ്ച് വാർഡുകളിൽ എൽ.ഡി.എഫും. ഭൂരിപക്ഷം നേടി. യു.ഡി.എഫ്. പ്രവർത്തകർ ഡിവിഷനിൽ ആഹ്ലാദപ്രകടനം നടത്തി.