അങ്ങാടിപ്പുറം: ഗാന്ധിജിയുടെ സത്യാഗ്രഹസമരങ്ങളിൽ അദ്ദേഹത്തിന് കരുത്തുപകർന്നത് കസ്തൂർബാഗാന്ധിയായിരുന്നെങ്കിലും ഇവരുടെ ജീവിതം പിൽക്കാലത്ത് വിസ്മരിക്കപ്പെടുകയായിരുന്നുവെന്ന് തുഷാർഗാന്ധി പറഞ്ഞു. പുരുഷാധിപത്യ സമൂഹത്തിൽ ഗാന്ധിപത്‌നി തിരസ്കരിക്കപ്പെടുകയായിരുന്നുവെന്നും എം.ഇ.എസ് സംസ്ഥാനകമ്മിറ്റി നടത്തിയ ഗാന്ധിസ്മൃതി പരിപാടിയിൽ സംസാരിക്കവെ ഗാന്ധിജിയുടെ മകൻ മണിലാലിന്റെ കൊച്ചുമകൻ കൂടിയായ തുഷാർഗാന്ധി വിശദമാക്കി.

2019-ഒക്‌ടോബർ രണ്ടുമുതൽ 2020-ഒക്്ടോബർ രണ്ടുവരെ എം.ഇ.എസ് സംസ്ഥാനകമ്മിറ്റി നടത്തുന്ന ’’ഗാന്ധിസ്മൃതി’’യുടെ ഭാഗമായി മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിലാണ് പരിപാടി നടന്നത്.

എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽഗഫൂർ അധ്യക്ഷനായി. എം.ബി. രാജേഷ് വിഷയം അവതരിപ്പിച്ചു. മുജീബ്റഹ്മാൻ, ഡോ. ഹമീദ് ഫസൽ, പി.ഒ.ജെ ലബ്ബ, വി. മൊയ്തുട്ടി, കെ.കെ. കുഞ്ഞിമൊയ്തീൻ, കടവനാട് മുഹമ്മദ്, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. എം.ഇ.എസ് മെഡിക്കൽ കോളേജ് വിദ്യാർഥികൾ ഗാന്ധിവധം പുനരാവിഷ്കരിച്ച സ്കിറ്റ്് അവതരിപ്പിച്ചു.