തവനൂർ : വനിതാശിശുക്ഷേമ വകുപ്പിനുകീഴിൽ തൃക്കണാപുരത്ത് പ്രവർത്തിക്കുന്ന െറസ്‌ക്യൂഹോമിന്റെ പ്രവർത്തനരീതി മാറ്റാനൊരുങ്ങി ജില്ലാ ഭരണകൂടം. തടവറയിൽ കഴിയുന്നതുപോലെയാണ് സ്ത്രീകളെ ഇവിടെ പാർപ്പിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിച്ചത്.
റെസ്‌ക്യൂഹോമിൽ കളക്ടർ ജാഫർ മാലിക് തിങ്കളാഴ്ച സന്ദർശനം നടത്തി. െറസ്‌ക്യൂഹോം എന്നതിനുപകരം ‘നവജീവൻ ഹോം' എന്ന് പേരുമാറ്റാൻ സർക്കാരിലേക്ക് നിർദേശം നൽകും. സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും മാറ്റംവരുത്തി ഗൃഹാതുരത്വമുള്ള രീതിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.
24 അന്തേവാസികളാണ് ഇപ്പോൾ ഇവിടെയുള്ളത്. ദുർമാർഗത്തിൽനിന്ന് രക്ഷപ്പെടുത്തുന്ന സ്ത്രീകളെ പാർപ്പിക്കുന്നതിനായി വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് ഈ സ്ഥാപനം. ഒട്ടേറെ വർഷമായിട്ടും ഇവിടെനിന്നു പുറത്തിറങ്ങാൻ പറ്റാതെ കഴിയുന്നവരുണ്ട്.
താമസക്കാർക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിലേക്ക് സാഹചര്യമൊരുക്കും. മറ്റുള്ളവർക്കായി ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ട് തൊഴിൽസംരംഭ യൂണിറ്റ് ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു.
വ്യദ്ധസദനത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുൽനാസർ, ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർ ടി. അഫ്‌സത്ത്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത, ലീഡ് ബാങ്ക് മാനേജർ ടി.പി. കുഞ്ഞിരാമൻ, െറസ്‌ക്യു ഹോം സൂപ്രണ്ട് എൻ.ടി. സൈനബ, വ്യദ്ധസദനം സൂപ്രണ്ട് എ.പി. അബ്ദുൽകരീം, കെ.വി. വേലായുധൻ, സെക്രട്ടറി ടി. അബ്ദുൾസലീം തുടങ്ങിയവർ പങ്കെടുത്തു.