വണ്ടൂർ: ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. വാഹനത്തിലെ ഡ്രൈവർമാരെ പോലീസ് അറസ്റ്റ്‌ചെയ്തു. കൊണ്ടോട്ടി പള്ളിക്കൽ സ്വദേശികളെയാണ് വണ്ടൂർ പോലീസ് അറസ്റ്റ്‌ചെയ്തത്. പോരൂർ പഞ്ചായത്തിലെ പാലക്കോട് നെല്ലിക്കുന്നിൽ മാലിന്യം തള്ളാനെത്തിയവരാണ് നാട്ടുകാരുടെ ജാഗ്രതയിൽ പോലീസ് പിടിയിലായത്.

കൊണ്ടോട്ടി പള്ളിക്കൽ ഒറ്റപ്പുരക്കുഴിയിൽ മുഹമ്മദ് അഷ്‌ഫാഖ് (27), തന്തൻകുഴിയിൽ നൗഷാദ് (27), ചാളമുണ്ട സാദിഖലി (29) എന്നിവരെയാണ് ഗ്രേഡ് എസ്.ഐ കെ. സത്യൻ അറസ്റ്റ്‌ചെയ്തത്. മാലിന്യവുമായി ഇവരെത്തിയ മൂന്ന് പിക്കപ്പ്‌വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ നെല്ലിക്കുന്നിലെ സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലേക്കാണ് മാലിന്യങ്ങളുമായി വാഹനങ്ങളെത്തിയത്. ദിവസങ്ങൾക്കുമുമ്പ് ഇവിടെ ഒമ്പതുലോഡ് മാലിന്യങ്ങൾ തള്ളിയതിനെതിരേ നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇനി ആവർത്തിക്കില്ലെന്ന ഉറപ്പിൽ കേസ്‌ അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ഉറപ്പ് ലംഘിച്ച് വീണ്ടും മാലിന്യമെത്തിയതറിഞ്ഞതോടെ നാട്ടുകാർ സംഘടിച്ചെത്തി വാഹനം തടയുകയായിരുന്നു. സ്ഥലമുടമയടക്കമുള്ളവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

പോലീസെത്തി ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തെങ്കിലും തട്ടിയ മാലിന്യം തിരിച്ചുകൊണ്ടുപോകാതെ വാഹനം വിട്ടുനൽകില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുന്നതിനുള്ള നടപടികൾ പരിശോധിച്ചുവരികയാണെന്ന് എസ്.ഐ കെ. സത്യൻ പറഞ്ഞു.