പ്രവാസികള്‍ ഏറെയുള്ള ജില്ലയാണ് മലപ്പുറം. നിതാഖത് പോലുള്ള പ്രശ്നങ്ങളില്‍ തൊഴില്‍നഷ്ടപ്പെട്ട് എത്തുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. മലപ്പുറം അന്‍പതാം പിറന്നാളിലെത്തിനില്‍ക്കുമ്പോള്‍ പ്രവാസിക്ഷേമത്തിന് പുതിയ പദ്ധതികള്‍ ഉണ്ടാകുമോ? കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്കെത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ:

വേണ്ടത് വായ്പയ്ക്കുള്ള സംവിധാനം

പ്രവാസികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. പ്രവാസി ക്ഷേമപെന്‍ഷന്‍ 500-ല്‍നിന്ന് 2000 രൂപയാക്കി ഉയര്‍ത്തിയത് ഒരു ഉദാഹരണം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പ്രവാസികള്‍ക്കുള്ള വായ്പയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ടിപ്പോൾ.

എന്നാല്‍ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞപലിശയില്‍ വായ്പ കിട്ടുന്ന സംവിധാനംവേണം. പക്ഷേ, വായ്പയടക്കമുള്ള പ്രവാസിക്ഷേമപദ്ധതികള്‍ ആരംഭിക്കണമെങ്കില്‍ പണംവേണ്ടേ? വരുമാനമില്ലാതെ എന്തെങ്കിലും ചെയ്യാന്‍പറ്റുമോ?

ചിട്ടിയുടെ നേട്ടം

പ്രവാസി ചിട്ടിയുടെ സാധ്യത വലുതാണ്. അത് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ചിട്ടിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാം. മലപ്പുറത്താണെങ്കില്‍ ഒരു പഞ്ചായത്തില്‍ ഒരു സ്കൂളെങ്കിലും സര്‍ക്കാര്‍ പുതുക്കിപ്പണിയുന്നുണ്ടാവും. അത്രയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് ഇവിടെ.

പുതിയ കമ്പനി ഉടന്‍

സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ പ്രവാസിസംരംഭകരെ ഉള്‍പ്പെടുത്തി ഒരു കമ്പനി ആരംഭിക്കുന്നുണ്ട്. ഇന്‍കെല്ലിന്റെ മാതൃകയിലായിരിക്കും കമ്പനി. ആദ്യം അത്ര മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്‍കെല്‍ പിന്നീട് ലാഭകരമായി. പുതിയ കമ്പനിയും ലാഭകരമാവുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ വിശദരൂപം ആയിവരുന്നതേ ഉള്ളൂ.

കണക്ക് നോര്‍ക്ക നോക്കണം

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ കൃത്യമായ കണക്കില്ലെന്നത് സത്യമാണ്. എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടവര്‍മാത്രമാണ് പേര് രജിസ്റ്റര്‍ ചെയ്യുന്നത്. കൃത്യമായ കണക്ക് തയ്യാറാക്കേണ്ടത് നോര്‍ക്കയാണ്.