തിരുനാവായ: വെള്ളക്കെട്ടൊഴിയാതെനിന്ന പുത്തനത്താണി ചുങ്കം വളവിലെ വെള്ളക്കെട്ടിന് പരിഹാരമായി. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ പുത്തനത്താണി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വളവിലെ വെള്ളക്കെട്ടുകാരണം എതിർദിശയിൽ വാഹനം ഓടിക്കുകയും വളാഞ്ചേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ തമ്മിൽ അപകടം സംഭവിക്കുകയും ചെയ്തിരുന്ന വാർത്ത വെള്ളിയാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെ ചുങ്കം ലൈവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വളവിലെ കെട്ടിനിന്ന വെള്ളം മോട്ടോറു പയോഗിച്ച് വറ്റിക്കുകയും റോഡ് ഉയർത്തുകയും പൊന്തക്കാടുകൾ വെട്ടുകയും ചെയ്തു. പൊതുമരാമത്ത് വിഭാഗം ജീവനക്കാരുടേയും സാന്നിധ്യത്തിലാണ് പ്രവൃത്തി നടന്നത്. ഗതാഗത തടസ്സം സൃഷ്ടിക്കാതെയാണ് വെള്ളം ഒഴിവാക്കിയത്. വളവുള്ള പ്രദേശമായതിനാൽ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാത്തതും അപകടം കൂടുതലാക്കിയിരുന്നു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിനുകാരണം. ചുങ്കം ലൈവ് കൂട്ടായ്മ പ്രവർത്തകരായ പി. റാഫി ചുങ്കം, ബാപ്പു ദുൽഫുഖാർ, അലി ബാവ, കെ. മജീദ്, കെ.സി. സമീർ, പാറമ്മൽ അലി ബാവ , കരീം പാറമ്മൽ എന്നിവർ നേതൃത്വംനൽകി.