തിരൂരങ്ങാടി: മാലിന്യസംസ്കരണത്തിൽ അവബോധം നൽകുന്നതിനും കടലോരം ശുചീകരിക്കുന്നതിനുമുള്ള പദ്ധതിക്ക് തുടക്കമായി. കേന്ദ്ര വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കടലോര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് കടലുണ്ടി അഴിമുഖത്ത് തുടക്കമായി.
ദേശാടനപ്പക്ഷികൾ വന്നിറങ്ങുന്ന മാടുകളിലും ചളിപ്പാടങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശേഖരിച്ചു. ഫ്രണ്ട്സ് ഓഫ് നേച്വർ, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ ഭൂമിത്ര സേന, കമ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റി എന്നിവർചേർന്നാണ് ശുചീകരണം നടത്തിയത്. അടുത്ത ദിവസങ്ങളിൽ ജില്ലയിലെ മറ്റിടങ്ങളിലെ കടലോരങ്ങളും ശുചീകരിക്കും. കമ്മ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ ഉദ്ഘാടനംചെയ്തു. ദേശീയ ഹരിതസേന വിദ്യാഭ്യാസ ജില്ലാ കോ -ഓർഡിനേറ്റർ റഫീഖ് ബാബു, എം.പി. ചന്ദ്രൻ, വി.പി. ഷാഫി, റസൽ റഹ്മാൻ, എസ്. ഷബീർ, പി. ശരത് കൃഷ്ണൻ, പി. കബീറലി എന്നിവർ പ്രസംഗിച്ചു.