തിരൂരങ്ങാടി: വിദേശരാജ്യങ്ങളിൽനിന്ന്‌ അവധിക്ക്‌ നാട്ടിലെത്തുന്നവർക്ക്‌ റോഡിൽ സുരക്ഷിത യാത്രയൊരുക്കുന്നതിന്റെ ഭാഗമായി വാഹനവകുപ്പ്‌ ഉദ്യോഗസ്ഥർ ബോധവത്‌കരണം തുടങ്ങി.

തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസിനുകീഴിലെ ഉദ്യോഗസ്ഥരാണ്‌ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച്‌ പ്രവാസികൾക്ക്‌ ഗതാഗത ബോധവത്‌കരണം നടത്തിയത്‌. വിദേശരാജ്യങ്ങളിൽ ഗതാഗത നിയമങ്ങൾ പിന്തുടരുന്ന മാതൃകയിൽ നാട്ടിലെത്തിയാലും നിയമങ്ങൾ ശ്രദ്ധിക്കുകയെന്ന സന്ദേശത്തിലായിരുന്നു ബോധവത്‌കരണം. സീറ്റ്‌ബെൽറ്റ്‌ ധരിക്കുക, ഹെൽമെറ്റ്‌ ധരിക്കുക തുടങ്ങിയ കാര്യങ്ങൾ കുടുംബങ്ങളിലും എത്തിക്കണമെന്ന്‌ ഉദ്യോഗസ്ഥർ പ്രവാസികളോട് ആവശ്യപ്പെട്ടു.

തിരൂരങ്ങാടി ജോ. ആർ.ടി.ഒ. സാജു.എ.ബക്കറിന്റെ നിർദ്ദേശപ്രകാരം എ.എം.വി.ഐമാരായ കെ. നിസാർ, ടി.പി. സുരേഷ്‌ ബാബു എന്നിവർ ബോധവത്‌കരണത്തിന്‌ നേതൃത്വംനൽകി.