തിരൂരങ്ങാടി: സഹകരണബാങ്കുകളിൽ നവീകരണങ്ങൾ നടപ്പാക്കി പുതുതലമുറയെക്കൂടി ആകർഷിക്കാൻ സാധിക്കണമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരൂരങ്ങാടി സഹകരണബാങ്കിന്റെ ആസ്ഥാനമായ സഹകരണഭവൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. അബ്ദുറബ്ബ്‌ എം.എൽ.എ. അധ്യക്ഷതവഹിച്ചു. നഹാസാഹിബ്‌ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഹെഡ്‌ ഓഫീസിന്റെ ഉദ്‌ഘാടനം ജില്ലാപഞ്ചായത്ത്‌് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്‌ണനും നിർവഹിച്ചു. നഗരസഭാധ്യക്ഷ കെ.ടി. റഹീദ, ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടി, സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർ ടി. മുഹമ്മദ്‌ അഷ്‌റഫ്‌, സി.എച്ച്‌. മഹ്‌മൂദ്‌ ഹാജി, കെ.പി. മുഹമ്മദ്‌കുട്ടി, മോഹനൻ വെന്നിയൂർ, അഡ്വ. സി. ഇബ്‌റാഹീംകുട്ടി, കെ. രാമദാസ്‌, സി.പി. സുധാകരൻ, വാസു കാരയിൽ തുടങ്ങിയവർ പങ്കെടുത്തു.

കേരള ബാങ്കിന്റെ ഭാഗമാകണമെന്ന്‌ മന്ത്രി; ചർച്ച തുടരുമെന്ന്‌ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.

തിരൂരങ്ങാടി: മലപ്പുറം ജില്ലാ സഹകരണബാങ്ക്‌ കേരള ബാങ്കിന്റെ ഭാഗമാകാത്തതിനെത്തുടർന്നുള്ള രാഷ്ട്രീയവിവാദങ്ങൾക്കിടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുസ്‌ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി. എം.പിയോട്‌ അഭ്യർഥിച്ചു. തിരൂരങ്ങാടി സഹകരണഭവന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി വേദിയിൽ ഉണ്ടായിരിക്കെയാണ്‌ മന്ത്രി ഉദ്‌ഘാടനപ്രസംഗത്തിൽ അഭ്യർഥന നടത്തിയത്‌. നിലവിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വിഷയത്തിൽ ചർച്ച തുടരുമെന്നും ജനങ്ങളുടെ ക്ഷേമത്തിനനുസരിച്ചുള്ള തീരുമാനങ്ങളുണ്ടാകുമെന്നും തുടർന്ന്‌ പ്രസംഗിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മറുപടിയും നൽകി.