തിരൂരങ്ങാടി : തിങ്കളാഴ്ച നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂരങ്ങാടി നഗരസഭയിൽ രോഗികളുടെ എണ്ണത്തിൽ വർധന. തിരൂരങ്ങാടി സ്വദേശിയായ 40 വയസ്സുകാരൻ, തിരൂരങ്ങാടി സ്വദേശിയായ 31 വയസ്സുകാരി എന്നിവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു.

രാമേശ്വരത്തുനിന്നെത്തിയ 50 വയസ്സുകാരൻ, ജിദ്ദയിൽനിന്നെത്തിയ 38 വയസ്സുകാരൻ എന്നിവർക്കും തിരൂരങ്ങാടിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജിദ്ദയിൽനിന്നെത്തിയ മൂന്നിയൂർ സ്വദേശിയായ 35 വയസ്സുകാരനും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. തെന്നലയിൽ നേരത്തേ രോഗം ബാധിച്ചവരിൽനിന്ന് സമ്പർക്കത്തിലൂടെ മൂന്നുപേർക്ക് രോഗം ബാധിച്ചു. തെന്നല സ്വദേശികളായ ഒരുവീട്ടിലെ 21 വയസ്സുകാരൻ, 11 വയസ്സുകാരൻ, 20 വയസ്സുകാരി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവരുമായി സമ്പർക്കമുണ്ടായ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തെന്നലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് നടപടികളെടുത്തതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ അറിയിച്ചു. ദുബായിൽനിന്നെത്തിയ നന്നമ്പ്ര സ്വദേശിയായ 51 വയസ്സുകാരനും കോവിഡ് സ്ഥിരീകരിച്ചു.