തിരൂരങ്ങാടി : നന്നമ്പ്രയിൽ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം നിരവധിപേരെ നിരീക്ഷണത്തിലാക്കി. ഉറവിടമറിയാതെ നന്നമ്പ്ര സ്വദേശിയായ 55 വയസ്സുകാരന് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതായാണ് കളക്ടർ വ്യക്തമാക്കിയത്.

നന്നമ്പ്രയിലെ 20 വയസ്സുകാരിക്കും 47 വയസ്സുകാരിക്കും സമ്പർക്കത്തിലൂടെയും രോഗബാധയുണ്ടായി. ഇവർ മൂന്നുപേരും ഒരേവീട്ടിലെ അംഗങ്ങളായതിനാൽ കൂടുതൽ ആളുകളോട് നീരീക്ഷണത്തിൽപ്പോകാൻ നിർദേശിച്ചിട്ടുണ്ട്.

ഇവരുമായി സമ്പർക്കമുണ്ടായതായി സംശയിക്കുന്ന നന്നമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറോടും ജീവനക്കാരനോടും നീരീക്ഷണത്തിൽപ്പോകാൻ നിർദേശിച്ചിട്ടുണ്ട്. തിരൂരങ്ങാടി സ്വദേശിയായ 24 വയസ്സുകാരിക്കും സമ്പർക്കത്തിലൂടെ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നന്നമ്പ്രയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പനയത്തിൽ മുസ്തഫ അറിയിച്ചു.