തിരൂരങ്ങാടി : നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരെ കോവിഡ് പരിശോധനകൾക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സന്നദ്ധപ്രവർത്തകനായ ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. മർദനമേറ്റ പെരുവള്ളൂർ വടക്കീൽമാട് സ്വദേശി പി.പി. മുഹമ്മദ് ഷാഫി(32) തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ താലൂക്ക് ആശുപത്രി വളപ്പിൽവെച്ചായിരുന്നു സംഭവം. നിരീക്ഷണത്തിൽ കഴിയുന്നവരെ ആശുപത്രികളിലെത്തിക്കുന്നതിനായി പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയ കാറിന്റെ ഡ്രൈവറായി സൗജന്യസേവനം ചെയ്യുകയാണ് ഓട്ടോറിക്ഷാഡ്രൈവർകൂടിയായ മുഹമ്മദ് ഷാഫി. കഴിഞ്ഞദിവസങ്ങളിലും വാഹനവുമായി ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു.

ബുധനാഴ്ച ആശുപത്രിവളപ്പിൽ എത്തിയ ചിലർ ചോദ്യംചെയ്യുകയും അനധികൃത ടാക്സിയാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നെന്നും ഷാഫി പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിച്ചത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും യുവാവിന് മർദനമേറ്റു.

ഡ്രൈവറെ മർദിച്ചവർക്കെതിരേ ശക്തമായ നടപടികളെടുക്കണമെന്ന് പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. നടപടിയാവശ്യപ്പെട്ട് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയതായി പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല പറഞ്ഞു. മർദനമേറ്റ ഡ്രൈവറും പോലീസിൽ പരാതി നൽകി.