തിരൂരങ്ങാടി : കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം വെള്ളിയാഴ്ചമുതൽ ആരംഭിക്കും.

ജില്ലാ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയതോടെയാണ് ആശുപത്രി അധികൃതർ ഒരുക്കങ്ങൾ നടത്തിയത്.

16-ബെഡുകൾ ഇതിനായി ആശുപത്രി കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്രവപരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുന്നവർക്കുള്ള ചികിത്സ ഇനിമുതൽ തിരൂരങ്ങാടിയിൽത്തന്നെ ലഭ്യമാകും. കേന്ദ്രത്തിലേക്ക് പ്രത്യേക ഡോക്ടർമാരെയും സ്റ്റാഫ് നഴ്‌സുമാരെയും നിയമിച്ചിട്ടുണ്ട്

ജീവനക്കാർക്ക് ആശങ്ക

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ചമുതൽ കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചിട്ടും സുരക്ഷാസൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് നിലവിലെ ജീവനക്കാർ പരാതി ഉന്നയിച്ചു. വിവിധ വിഭാഗത്തിലെ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർക്ക് മുൻകരുതലായി കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ എല്ലുരോഗ വിഭാഗത്തിലെ ഡോക്ടർക്കും ശുചീകരണ വിഭാഗത്തിലെ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.