തിരൂരങ്ങാടി : ഒരുദിവസം ഒരു കഥ ; 895-പേജുള്ള പുസ്തകത്തിൽ ഒതുക്കിയപ്പോൾ അഞ്ഞൂറ്്‌ കഥകൾ. ഓൺലൈനിലെ ഈ കഥയെഴുത്ത് ലക്ഷ്യമാക്കുന്നത് ലിംകാ ബുക്കിലെ നിലവിലെ റെക്കോഡ് തിരുത്തൽ.

സമൂഹമാധ്യമങ്ങളിലെ വായനപ്രിയരുടെ കൂട്ടായ്മകൾ ഉപയോഗപ്പെടുത്തി എഴുത്ത് ശീലമാക്കിയ ജയരാജ് പരപ്പനങ്ങാടിയാണ് ഭവാനി എന്നപേരിൽ കഥാസമാഹാരം പുറത്തിറക്കിയിരിക്കുന്നത്. സാമൂഹികവിഷയങ്ങൾ ഉൾക്കൊള്ളുന്ന ചെറുകഥകൾക്ക് ഓൺലൈൻ വായനക്കാരിൽനിന്ന് വലിയ പിന്തുണ കിട്ടിയതോടെയാണ് നിത്യവും കഥകളെഴുതാൻ പ്രോത്സാഹനമായതെന്ന് ജയരാജ് പറയുന്നു. ആയിരംകഥകൾ തുടർച്ചയായി എഴുതി പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യമാണെന്നും ഈ ബിസിനസുകാരൻ പറയുന്നു. ജന്മനാ കാഴ്ചവെല്ലുവിളി നേരിട്ടിട്ടും അധ്യാപകനായും കലാകാരനായും ശോഭിക്കുന്ന ജലീൽ പരപ്പനങ്ങാടിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ജന്മനാ ഇരുകൈകളും ഇല്ലാതിരുന്നിട്ടും കാലുകൊണ്ട് മനോഹരമായി ചിത്രങ്ങൾവരയ്ക്കുന്ന വള്ളിക്കുന്ന് ഒലിപ്രംകടവിലെ ദേവികയാണ് പുസ്തകം ഏറ്റുവാങ്ങിയത്.