തിരൂരങ്ങാടി : താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ ഡോക്ടർക്കും ശുചീകരണവിഭാഗത്തിലെ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഒ.പി. നിർത്തിവെച്ചു. മൂന്നിയൂർ സ്വദേശിയായ എല്ലുരോഗ വിഭാഗത്തിലെ ഡോക്ടർക്കും കോഴിക്കോട് ജില്ലക്കാരിയായ ശുചീകരണവിഭാഗത്തിലെ ജീവനക്കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

പരപ്പനങ്ങാടിയിൽ താമസിക്കുന്ന നാടോടിസ്ത്രീ കൈ ഒടിഞ്ഞതിനെത്തുടർന്ന് ദിവസങ്ങൾക്കുമുൻപ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ചികിത്സിച്ച ഡോക്ടർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

ഭീതിയിൽ ജീവനക്കാരും പൊതുജനങ്ങളും

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച ഒ.പിയിൽ ഭൂരിഭാഗം ഡോക്ടർമാരും എത്തിയില്ല. ആശുപത്രിയിലെത്തിയ രോഗികൾ ഡോക്ടർമാരെ കാണാനാകാതെ മടങ്ങി. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ സൂപ്രണ്ടടക്കം ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതോടെ മറ്റു ഡോക്ടർമാരും ജീവനക്കാരും രോഗികളും ഭീതിയിലായി. ജീവനക്കാർ എല്ലാദിവസവും ഹാജരാകണമെന്ന സൂപ്രണ്ടിന്റെ കടുംപിടിത്തമാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് കേരള എൻ.ജി.ഒ. യൂണിയൻ താലൂക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.