തിരൂരങ്ങാടി : നഗരസഭയിലെ ശുചീകരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരൂരങ്ങാടി നഗരസഭാ കാര്യാലയം അടച്ചു. പൊതുജനസമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ മുതൽ നഗരസഭാ കാര്യാലയം അടച്ചിട്ടത്.

നഗരസഭയ്ക്കുകീഴിൽ നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചെമ്മാട് ദാറുൽഹുദയിൽ ശുചീകരണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി നഗരസഭാപരിധിയിൽ താമസക്കാരനായ ജീവനക്കരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തിരൂരങ്ങാടിയിലെ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് നേരത്തെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ഇതേത്തുടർന്ന് ശുചീകരണവിഭാഗത്തിലെ എട്ട് ജീവനക്കാരോടും ഇവരോട് സമ്പർക്കം പുലർത്തിയവരോടും നീരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്്.