തിരൂരങ്ങാടി : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അളവെടുപ്പ് നടക്കുന്നതിനിടെ പ്രദേശവാസികൾ പ്രതിഷേധമുയർത്തി. വെന്നിയൂർ, കാച്ചടി, കൊടിമരം, കരുമ്പിൽ, കക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച രാവിലെ ഡെപ്യൂട്ടി കളക്ടർ ജെ.ഒ. അരുൺകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം പരിശോധന ആരംഭിച്ചത്.

ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. നേരത്തെ അളവെടുപ്പ് നടന്ന പ്രദേശങ്ങളിലെ തുടർപരിശോധനകളാണ് തിങ്കളാഴ്ച നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നിലനിൽക്കെ റവന്യു ഉദ്യോഗസ്ഥരും പോലീസുമടങ്ങുന്ന നൂറുകണക്കിനാളുകൾ സാമൂഹികഅകലം പാലിക്കാതെ കൂട്ടംകൂടി വീടുകൾ കയറിയിറങ്ങി പരിശോധന നടത്തുന്നത് പ്രദേശവാസികൾ ചോദ്യംചെയ്തു. കഴിഞ്ഞദിവസവും ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രദേശവാസികൾ പ്രതിഷധമുയർത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥസംഘമെത്തിയപ്പോഴും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെതിരേ വീട്ടമ്മമാരും പ്രതിഷേധങ്ങളുയർത്തി. ഇതിനിടയിൽ ദേശീയപാത കർമസമിതി ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂരിന് വീട്ടുമുറ്റത്തുവെച്ച് പോലീസിന്റെ മർദനമേറ്റതായി പരാതിപ്പെട്ടു.

മർദിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് കളക്ടർ, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് നൗഷാദ് പരാതിയും നൽകി. പ്രതിഷേധങ്ങൾക്കിടയിലും ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.