തിരൂരങ്ങാടി : കടലുണ്ടിപ്പുഴയോരത്ത് പ്രളയസാഹചര്യമുണ്ടായാൽ നേരിടുന്നതിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിന്റെ മോക്ഡ്രിൽ നടത്തി. മൂന്നിയൂർ ചുഴലിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തിരൂരങ്ങാടി തഹസിൽദാരുടെ സാന്നിധ്യത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ മാതൃക അവതരിപ്പിച്ചത്. തിരൂരിൽനിന്നുള്ള അഗ്നിരക്ഷാസേന, റെസ്‌ക്യൂസംഘം, തിരൂരങ്ങാടി പോലീസ്, ആംബുലൻസ്, ട്രോമാകെയർ വൊളന്റിയർമാരുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ മോക്ഡ്രില്ലിൽ പങ്കെടുത്തു.

പുഴ കരകവിഞ്ഞൊഴുകിയാൽ പ്രദേശവാസികളെ രക്ഷപ്പെടുത്തുന്നതിന്റെ മാർഗങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. കടലുണ്ടിപ്പുഴയിൽ വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കെത്തിക്കുന്നതും മോക്ഡ്രില്ലിൽ അവതരിപ്പിച്ചു.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഏകോപിപ്പിക്കുന്നതിന്റെ പരിശീലനം കൂടിയായിരുന്നു മോക്ഡ്രിൽ. പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി.

തിരൂരങ്ങാടി തസഹിൽദാർ എ.എസ്. ഷാജു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരീഫ, വൈസ് പ്രസിഡന്റ് എം.എൻ. അൻവർസാദാത്ത്, പഞ്ചായത്തംഗം ഹൈദ്രോസ് ചുഴലി തുടങ്ങിയവർ സന്നിഹിതരായി.