തിരൂരങ്ങാടി : കൊടിഞ്ഞിക്ക് സമീപം കാളംതിരുത്തിയിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ബദൽവിദ്യാലയം.

പുഴയും വയലുകളാലും ചുറ്റപ്പെട്ട് കിടക്കുന്ന കാളംതിരുത്തിയിലെ കുട്ടികൾക്ക് മറ്റിടങ്ങളിൽ പോകാനുള്ള പ്രയാസങ്ങൾ കണക്കിലെടുത്താണ് വർഷങ്ങൾക്ക് മുൻപ് ബദൽവിദ്യാലയം തുടങ്ങുന്നത്. ഏറെക്കാലം ഓലഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് പുതിയകെട്ടിടം പണിതതോടെ രണ്ട് ക്ലാസ് മുറികൾ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളും രണ്ടാം ക്ലാസും ഇപ്പോഴും ഓലഷെഡ്ഡിൽത്തന്നെ.

പാചകപ്പുര പ്രവർത്തനവും പ്രയാസത്തിലാണ്. നാലാം ക്ലാസുവരെ 68-വിദ്യാർഥികളും നഴ്‌സറി ക്ലാസുകളിൽ 30-വിദ്യാർഥികളും ഇവിടെയുണ്ട്. ഈ വർഷം 26-കുട്ടികൾ ഒന്നാംക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയിട്ടുമുണ്ട്. ഹോണറേറിയം അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന രണ്ട് താത്കാലിക അധ്യാപകരാണ് ഉള്ളത്. ഇവരുടെ ശമ്പളത്തിൽനിന്ന് ഒരുവിഹിതം നൽകി നിയമിച്ച മറ്റൊരാളും ജോലിചെയ്യുന്നു.

അധ്യാപകർക്കുള്ള ശമ്പളവും മാസങ്ങളോളം വൈകി ലഭിക്കുന്ന സ്ഥിതിയാണുള്ളത്. വിദ്യാലയം എൽ.പി. സ്കൂളായി ഉയർത്തുമെന്ന് നേരത്തേ പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും നടപ്പായില്ല.

നെറ്റ്‌വർക്ക് ലഭ്യതക്കുറവുള്ള കാളംതിരുത്തി പ്രദേശത്തെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾ കാണുന്നതിനും പ്രയാസം നേരിടുന്നുണ്ട്. മറ്റിടങ്ങളിൽ പോകുന്ന രക്ഷിതാക്കൾ മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്ന വീഡിയോകൾ പിന്നീട് വീട്ടിലിരുന്ന് കേൾക്കുകയാണ് ഭൂരിഭാഗം വിദ്യാർഥികളും ചെയ്യുന്നത്.

ബദൽ സ്കൂളിലെ അധ്യാപിക ഹസീന ബി.ആർ.സി. കേന്ദ്രത്തിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ലാപ് ടോപ്പിലൂടെ വിദ്യാർഥികൾക്ക് കേൾപ്പിക്കുന്നുമുണ്ട്. ഇത്തവണ ടെലിവിഷൻ ലഭിച്ചിട്ടുണ്ടെങ്കിലും കേബിൾ കണക്‌ഷൻ ഇല്ലാത്തതിനാൽ വിദ്യാലയത്തിലെത്തുന്നവർക്ക് ഇതുവരെ ടിവിയിൽ ഓൺലൈൻ ക്ലാസുകൾ കേൾക്കാനായിട്ടില്ല.

ബദൽ വിദ്യാലയം എൽ.പി. സ്കൂളായി ഉയർത്തി കൂടുതൽ സൗകര്യങ്ങൾ നടപ്പാക്കി വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് കാളംതിരുത്തി നിവാസികളുടെ ആവശ്യം.