തിരൂരങ്ങാടി : മഴ ശക്തമാകുന്നതിനിടെ കടലുണ്ടിപ്പുഴയോരങ്ങളിൽ പ്രളയ അതിജീവനത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഈവർഷവും ശക്തമായ മഴ ലഭിച്ചാൽ പ്രളയഭീഷണി നിലനിൽക്കുന്നുണ്ട്.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധതപ്രവർത്തകർ തുടങ്ങിയവർ ഏകോപിച്ചുള്ള തയ്യാറെടുപ്പുകൾക്ക് തിരൂരങ്ങാടി നഗരസഭയിൽ തുടക്കമായി. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പ്രളയദുരിതങ്ങളുണ്ടായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ജാഗ്രതാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് പുസ്തകത്തിലെ നിർദേശങ്ങൾപ്രകാരം ഇൻസിഡന്റ് റെസ്‌പോസ് സിസ്റ്റം സജ്ജീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാൻ തഹസിൽദാർ എം.എസ്. ഷാജു നിർദേശം നൽകിയിരുന്നു.

നഗരസഭയിൽ പ്രളയഭീഷണിയുള്ള ഡിവിഷനുകൾ കേന്ദ്രീകരിച്ച് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ദുരിതാശ്വാസക്യാമ്പുകൾ തുറക്കുന്നതിന് കൂടുതൽ സ്ഥാപനങ്ങൾ കണ്ടെത്താൻ തീരുമാനിച്ചു. തൃക്കുളം ഗവ. ഹൈസ്‌ക്കൂൾ, തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, തൃക്കുളം അമ്പലപ്പടി ഗവ. വെൽഫെയർ യു.പി. സ്‌കൂൾ, തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ തുടങ്ങിയസ്ഥാപനങ്ങളിൽ ക്യാമ്പുകൾ ഒരുക്കും. അതത് ഡിവിഷനുകളിലെ കുടുംബങ്ങൾക്ക് ഒരുസ്ഥാപനത്തിൽതന്നെ ക്യാമ്പുകൾ തയ്യാറാക്കും.

പ്രായമായവർ, കുട്ടികൾ, കോറോണ ലക്ഷണങ്ങളുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കും. തോണികൾ, വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയ സജ്ജമാക്കി നിർത്തുന്നതിനും നടപടികളെടുത്തു. പുഴ കരകവിയുമെന്ന് ഉറപ്പാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളെയെല്ലാം നേരത്തെത്തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രത്യേകസന്നദ്ധസംഘങ്ങൾ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.