തിരൂരങ്ങാടി: വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു.

തൃക്കുളം പന്താരങ്ങാടിയിലെ കോട്ടുവലക്കാട്ട് ദാസൻ-അമ്മിണി ദമ്പതിമാരുടെ മകൾ അഞ്ജലി(15)യാണ് ചൊവ്വാഴ്ച മരിച്ചത്.

കോഴിക്കോട് മെഡിക്കൽകോളേജിൽ മൃതദേഹപരിശോധനയ്ക്കുശേഷം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പൊതുദർശനത്തിനുശേഷം കുടുംബശ്മശാനത്തിൽ സംസ്‌കരിച്ചു. നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.

പത്താംക്ലാസ് വിദ്യാർഥിനിയായ മകൾ ഓൺലൈൻ ക്ലാസുകൾ കേട്ടിരുന്നതായും ഇടയ്ക്ക് വീട്ടിലെ ടെലിവിഷനും മൊബൈൽഫോണിനും തകരാറുകളുണ്ടായിരുന്നതിനാൽ പ്രയാസം നേരിടുന്നതിനെക്കുറിച്ച് മകൾ പറഞ്ഞിരുന്നതായും പിതാവ് ദാസൻ പറഞ്ഞു.

പുതിയ മൊബൈൽഫോൺ‍ വാങ്ങിനൽകാമെന്ന് മകളെ അറിയിച്ചിരുന്നതായും പിതാവ് പറഞ്ഞു.

ഓൺലൈൻ പഠനസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാർഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമായെന്ന് അഞ്ജലിയുടെ വീട് സന്ദർശിച്ച ബി.ജെ.പി. പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ ആരോപിച്ചു.

ഓൺലൈൻ പഠനസൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിനുണ്ടായ ജാഗ്രതക്കുറവാണ് വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയതെന്ന് വീട്ടിൽ സന്ദർശനം നടത്തിയ ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്തും പറഞ്ഞു.