തിരൂർ: തുഞ്ചൻ ബാലസമാജം തിരൂർ തുഞ്ചൻ പറമ്പിൽ ജില്ലയിലെ എട്ടാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി രണ്ടുദിവസത്തെ മാധ്യമ പരിശീലന കളരി നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 25 കുട്ടികൾ പരിശീലന കളരിയിൽ പങ്കെടുത്തു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ ഉദ്ഘാടനംചെയ്തു.

മാധ്യമരംഗം അനുദിനം മാറ്റത്തിന്റെ കുതിപ്പിലാണെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഡോ. കെ. ശ്രീകുമാറാണ് ക്യാമ്പ് ഡയരക്ടർ. ഡോ. ഒ.കെ. മുരളീകൃഷ്ണൻ (മാതൃഭൂമി), പ്രശാന്ത് നിലമ്പൂർ (ഏഷ്യാനെറ്റ് ), ബോബി സി. മാത്യു (ആകാശവാണി), നന്ദകുമാർ എടമന (കാലിക്കറ്റ് സർവകലാശാല) എന്നിവർ വിവിധ വിഷയത്തിൽ ക്ലാസ്സെടുത്തു.

പരിശീലന കളരിയിൽ പത്രനിർമാണം, റേഡിയോയിൽ പാട്ടവതരണം, ചാനലിൽ വാർത്താ ചിത്രീകരണം എന്നിവയും പരിശീലിപ്പിച്ചു. കുട്ടികളുടെ ചർച്ചയും വിവിധ മത്സരങ്ങളും നടത്തി. വ്യാഴാഴ്ച വൈകീട്ട് പരിശീലനക്കളരിയുടെ സമാപനച്ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് എം.ടി. വാസുദേവൻ നായർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. അടുത്തവർഷം കൂടുതൽ വിപുലമായ രീതിയിൽ പരിശീലനക്കളരി നടത്തുമെന്നും തുഞ്ചൻപറമ്പിൽ എത്തുന്നവർക്കായി ഒരു പൂന്തോട്ടം നിർമിക്കാൻ തനിക്കാഗ്രഹമുണ്ടെന്നും എം.ടി. വാസുദേവൻ നായർ പറഞ്ഞു.

ചടങ്ങിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ, മണമ്പൂർ രാജൻ ബാബു, ഡോ. കെ. ശ്രീകുമാർ, കെ.എസ്. വെങ്കിടാചലം എന്നിവർ പങ്കെടുത്തു.