തേഞ്ഞിപ്പലം: കൊച്ചിയിലെ ഒരു പ്രദർശനത്തിന് തെയ്യച്ചമയംകണ്ട് കൊതിച്ചെത്തിയതാണ് ഷാലു. ഇപ്പോൾ കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിന്റെ സഹായത്തോടെ തെയ്യത്തെക്കുറിച്ച് പഠനംനടത്തുന്നു. മൂന്നുമാസത്തെ ഗവേഷണത്തിന് സഹായം നൽകുന്നത് ചൈന സർക്കാരാണ്.

ചൈനയിലെ ദക്ഷിണ മധ്യ പ്രവിശ്യയായ ഹുനാനിൽനിന്നാണ് ഗവേഷകയായ ഷഓലി (Xiaoli) എത്തിയിരിക്കുന്നത്. ചൈനീസ് ഉച്ചാരണം വഴങ്ങാതിരുന്നപ്പോൾ ഒരു മലയാളി കൂട്ടുകാരിയാണ് ഷാലു എന്നു വിളിച്ചുതുടങ്ങിയത്. ഇപ്പോൾ കേരളത്തിലെ എല്ലാവർക്കും ഇവർ പ്രിയപ്പെട്ട ’ഷാലു’വാണ്. ബീജിങ് സർവകലാശാലയിൽനിന്ന് നരവംശശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയ ഷാലു ഇത് അഞ്ചാംതവണയാണ് കേരളത്തിലെത്തുന്നത്. മലയാളം വാക്കുകൾ കുറച്ചൊക്കെ അറിയാം.

സർവകലാശാലാ ഫോക്‌ലോർ പഠനവിഭാഗം മേധാവിയായ ഡോ. സി.കെ. ജിഷയുടെ കീഴിലാണ് പഠനം. തെയ്യം നേരിട്ട് കാണാനായി വടക്കെമലബാറിലെ കാവുകളിൽ സന്ദർശനത്തിനൊരുങ്ങുകയാണ് ഇവർ. കേരളത്തിന്റെ കാലാവസ്ഥയും ഭക്ഷണവും പെരുത്തിഷ്ടമായെന്ന് ഷാലു പറയുന്നു. ദോശയും പുട്ടും പത്തിരിയും മീൻകറിയുമൊക്കെ ആസ്വദിച്ചുതന്നെ കഴിക്കുന്നു. ജാതി-മത മതിൽക്കെട്ടുകളില്ലാത്തതാണ് ചൈനയെ ഇന്ത്യയിൽനിന്ന് വേർതിരിക്കുന്നതെന്നാണ് ഷാലുവിന്റെ നിരീക്ഷണം.

Content Highlights: Thenjippalam shalu from china celebrates christmas in calicut university campus