തേഞ്ഞിപ്പലം: കർഷകർക്ക് ആറായിരം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മോദി സർക്കാർ കൃഷിക്കാരെ പരിഹസിക്കുകയാണ് കാനം രാജേന്ദ്രൻ പറഞ്ഞു. കേരള സംരക്ഷണയാത്രയ്ക്ക് വള്ളിക്കുന്ന് മണ്ഡലം എൽ.ഡി.എഫ്. കോഹിനൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി അതിന് തയ്യാറായിട്ടില്ല. കർഷക മാർച്ചുകൾ കണ്ടപ്പോഴാണ് അവരെ പ്രീതിപ്പെടുത്താൻ 6000 രൂപ നൽകാനുള്ള തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനുള്ള പ്രതിഫലമായാണ് ഇപ്പോൾ ആദ്യഗഡുവായി 2000 രൂപ നൽകുന്നത്. അതും യഥാർത്ഥ കൃഷിക്കാർക്കല്ല ലഭിക്കുന്നതും.

കോൺഗ്രസ് രാജ്യത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ അവർ ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ചടങ്ങിൽ എം. കൃഷ്ണൻ അധ്യക്ഷനായി. സാലിഹ് മേടപ്പിൽ, അഡ്വ. ബാബു കാർത്തികേയൻ, സി.പി.എം. കേന്ദ്രക്കമ്മറ്റി അംഗം എം.വി. ഗോവിന്ദൻ, അഡ്വ. പി. വസന്തം, സി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Content Highlights: kanam rajendran against modi government