തേഞ്ഞിപ്പലം : കോവിഡും ലോക്ഡൗണുമായി ജീവിതം വഴിമുട്ടിയതോടെ ജീവിക്കാനായുള്ള നെട്ടോട്ടത്തിലാണ് ചേലേമ്പ്ര ചക്കുകുളങ്ങരയിലെ കാരാട്ട് ഷരീഫ്.
പതിനൊന്നുവർഷമായി ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റിയിരുന്ന ഈ ഭിന്നശേഷിക്കാരൻ ഓട്ടം കിട്ടാതായപ്പോൾ മീൻവിൽപ്പനക്കിറങ്ങി. കോവിഡും ലോക്ഡൗണും കാരണം നാട് സ്തംഭിച്ചുനിൽക്കുമ്പോൾ ആരും ട്രിപ്പ് വിളിക്കാത്തതാണ് കാരണം. ഓട്ടോറിക്ഷ വിറ്റാണ് ജില്ലാപഞ്ചായത്ത് അനുവദിച്ച മുച്ചക്രവാഹനത്തിൽ മത്സ്യവിൽപ്പനക്കിറങ്ങിയത്. നാട്ടിൽ മിക്കവർക്കും എന്തെങ്കിലുമൊരു വാഹനം സ്വന്തമായുണ്ടാകും. ഇരുചക്രവാഹനങ്ങളെങ്കിലുമില്ലാത്ത വീടുകൾ കുറവ്. അതിനാൽ സ്ത്രീകളും പ്രായമുള്ളവരുമാണ് ഓട്ടോറിക്ഷകളെ സാധാരണ ആശ്രയിക്കുന്നത്. കോവിഡ് വ്യാപനത്തോടെ ഈ വിഭാഗക്കാർ യാത്രചെയ്യുന്നതും കുറഞ്ഞു.
നാലുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ഷരീഫിന്റേത്. മൂത്തമകൾ ഫാത്തിമ ഹന്നയ്ക്ക് കാൽമുട്ട് സ്ഥാനം മാറിയതിനാൽ നാലുതവണ ശസ്ത്രക്രിയ കഴിഞ്ഞതാണ്. ഏഴുവയസ്സുകാരൻ മകൻ മുഹമ്മദ് ദാനിഷ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലും.
വീടുവെക്കാനായി എം.ഡി.സി. ബാങ്കിൽനിന്ന് കടമെടുത്ത ആറുലക്ഷം രൂപ അടച്ചുതീർക്കാനുണ്ട്. രോഗികളായ രണ്ടുമക്കളെ ചികിത്സിക്കണം. കടബാധ്യത തീർക്കാത്തതിനാൽ ബാങ്ക് നോട്ടീസ് അയച്ചിരുന്നു.
മക്കളുടെ ചികിത്സയ്ക്കും ബാങ്കിലെ കടം തീർക്കാനും ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഷരീഫ്.