തേഞ്ഞിപ്പലം: പാവപ്പെട്ടവർക്ക് വീടുനിർമിച്ചുനൽകുന്ന കാലിക്കറ്റ് സർവകലാശാലാ നാഷണൽ സർവീസ് സ്കീം പദ്ധതി മാതൃകാപരമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭവനരഹിതർക്ക് 250 വീടുകൾ നിർമിച്ചുനൽകുന്ന സർവകലാശാലാ എൻ.എസ്.എസ്. പദ്ധതിയിലെ അൻപതാമത് വീടിന്റെ താക്കോൽദാനച്ചടങ്ങ് വളയംകുളം അസ്സബാഹ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ എന്ന നിലയിൽ നേടേണ്ട പല കഴിവുകളും പാഠ്യപദ്ധതിയിൽനിന്ന് ലഭ്യമായിക്കൊള്ളണമെന്നില്ല. ഈ കുറവ് നികത്താനുള്ള പ്രസ്ഥാനമായി എൻ.എസ്.എസിനെ കണക്കാക്കാമെന്നും സ്പീക്കർ പറഞ്ഞു. ഗുണഭോക്താവായ മുഹമ്മദ് കോക്കൂർ താക്കോൽ ഏറ്റുവാങ്ങി.

പദ്ധതിപ്രകാരം നിർമിക്കുന്ന 250 വീടുകളും ഗുണഭോക്താക്കൾക്ക് ഈ വർഷാവസാനത്തോടെ നൽകുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. സർവകലാശാലാ സുവർണ ജൂബിലി വർഷത്തിലെ പ്രധാന പരിപാടിയാണ് എൻ.എസ്.എസ്. ഭവനിർമാണ പദ്ധതി.

മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് വീടുകൾ നിർമിക്കുന്നത്. ഓഗസ്റ്റ് 15 ഓടെ നൂറ് വീടുകൾ കൈമാറുമെന്ന് എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.വി. വത്‌സരാജൻ പറഞ്ഞു.

ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഹസ്സൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.കെ. അബൂബക്കർ, പ്രോഗ്രാം ഓഫീസർ കെ.യു. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.