തേഞ്ഞിപ്പലം: കായികവിഭാഗം വിദ്യാർഥിനിയെ മോഷണക്കുറ്റം ആരോപിച്ച് പരിശീലകൻ മർദിച്ചതായി പരാതി. കാലിക്കറ്റ് സർവകലാശാലയിലെ രണ്ടാംവർഷ ബി.പി.ഇ. വിദ്യാർഥിനിയാണ് അത്‌ലറ്റിക്സ് പരിശീലകനെതിരേ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണ വിധേയമായി അത്‌ലറ്റിക്സ് പരിശീലകൻ ജംഷീറിനെ സസ്പെൻഡ് ചെയ്തു. പരാതി പോലീസിന് കൈമാറിയിട്ടുമുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് സംഭവത്തിന്റെ തുടക്കം. വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റൊരു കായികവിദ്യാർഥിനിയുടെ പന്ത്രണ്ടായിരം രൂപ രാവിലെ നഷ്ടപ്പെട്ടിരുന്നു. ഇത് കണ്ടെത്താനെന്ന രീതിയിൽത്തന്നെ ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഈ വിദ്യാർഥിനിയുടെ കൈവശം ആവശ്യത്തിലധികം പണമുള്ളതായി കണ്ടെത്തിയിരുന്നത് അന്വേഷിക്കുക മാത്രമാണുണ്ടായതെന്നും മർദിച്ചിട്ടില്ലെന്നും പരിശീലകൻ പറഞ്ഞു. എന്നാൽ ഈ തുക ഫീസടയ്ക്കാൻ നൽകിയതാണെന്ന് അന്വേഷണത്തിൽ അധ്യാപകരോട് മറുപടി നൽകിയതായി രക്ഷിതാക്കളും പറഞ്ഞു.

സംഭവത്തിൽ പരിശീലകൻ ജംഷീറിനെതിരേ നടപടി ആവശ്യപ്പെട്ട് കായികവിഭാഗം വിദ്യാർഥിനികൾ ചൊവ്വാഴ്ച ഭരണകാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. സർവകലാശാലാ പഠനവകുപ്പ് യൂണിയനും പരാതി നൽകി. കായികപഠനകേന്ദ്രം ഡയറക്ടർ ഡോ. കെ.പി. മനോജ്, ഹോസ്റ്റൽ വാർഡൻ ഡോ. വസുമതി എന്നിവർ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വിശദാന്വേഷണത്തിന് പ്രൊ വൈസ് ചാൻസലർ ഡോ. പി. മോഹനും സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫയും ഷംസാദ് ഹുസൈനും അംഗങ്ങളായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.