കോട്ടയ്ക്കൽ: കുറ്റിപ്പുറത്തുകാവ് ഭഗവതീക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന പണം മുഴുവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രപരിസരത്ത് സ്ഥാപിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

മലപ്പുറത്തുനിന്ന് ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. മണംപിടിച്ചെത്തിയ നായ സമീപത്തെ പാടംവരെ ഓടിപ്പോയി. വിരലടയാളവിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നിട്ടുണ്ടാകാൻ സാധ്യതയെന്ന് പോലീസ് പറയുന്നു. രണ്ട് ഭണ്ഡാരങ്ങളിൽനിന്നുമായി പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം സെക്രട്ടറി അജിത് കൊട്ടാരത്തിൽ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭണ്ഡാരത്തിൽനിന്ന് പണം എടുത്തിരുന്നു.

ഒന്നരവർഷം മുമ്പ് ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഇതിലെ പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടർന്ന് തന്ത്രിയുടെ നിർദേശപ്രകാരം പുനഃപ്രതിഷ്ഠ നടത്തി ശിലാവിഗ്രഹം സ്ഥാപിച്ചിരുന്നു. കുറ്റിപ്പുറത്തുകാവ് കേന്ദ്രീകരിച്ചുള്ള ഇടയ്ക്കിടെയുള്ള മോഷണം ക്ഷേത്ര ഭാരവാഹികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

മോഷണം ഹൈടെക് രീതിയിൽ

കുറ്റിപ്പുറത്തുകാവ് ഭഗവതീക്ഷേത്രത്തിലെ മോഷണം വ്യക്തമാക്കുന്നത് അതിലെ ഹൈടെക് കള്ളന്റെ സാന്നിധ്യമാണ്. ക്യാമറയുടെ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവയിലെ ദൃശ്യങ്ങൾ നഷ്ടപ്പെട്ടനിലയിലാണ്. നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ദൃശ്യങ്ങൾ എടുത്തിരുന്നു. അതിനാൽ ക്യാമറ പ്രവർത്തിച്ചിരുന്നെന്നാണ് ഭാരവാഹികൾ പറയുന്നത്.

ഉപകരണങ്ങളൊന്നും നശിപ്പിച്ചിട്ടില്ല. ക്ഷേത്രത്തിനു പുറത്ത് പരിസരപ്രദേശങ്ങളിലൊന്നും ക്യാമറകൾ ഇല്ലാത്തതും കള്ളൻമാർക്ക് സഹായകമായി.

Content Highlights: theft in kottakkal kuttippurathukavu temple