കോഡൂർ: വടക്കേമണ്ണയിൽ നൂറാടി പാലത്തിനുസമീപം തുടർച്ചയായി കടലുണ്ടിപ്പുഴയുടെ ഓരങ്ങൾ ഇടിയുന്നത് സമീപത്ത്‌ താമസിക്കുന്ന കുടുംബങ്ങളെ അപകടഭീതിയിലാക്കുന്നു. പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങുന്നതോടെ വെള്ളം കയറുന്ന വലിയതൊടി ഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്.

അനിയന്ത്രിതമായ മണലെടുപ്പുകാരണം പുഴയ്ക്ക് വലിയ താഴ്ച സംഭവിച്ച സ്ഥലങ്ങളിലാണ് മണ്ണിടിയുന്നത്. മണലെടുപ്പിലൂടെ സർക്കാരിന് ലഭിച്ച റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് പുഴയോരം ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് ഈ പ്രദേശത്തുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ ആവശ്യം അംഗീകരിക്കാതെ ജില്ലാ ഭരണകൂടവും സർക്കാരും ഫണ്ട് മറ്റു ജില്ലകളിലേക്ക് മാറ്റി ചെലവഴിച്ചതിൽ പ്രദേശത്തുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.

ഏതുസമയത്തും വീടും പുരയിടവും പുഴയിലേക്ക് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ജനപ്രതിനിധികളുടെ ശ്രമമുണ്ടാകണമെന്നാണ് വടക്കേമണ്ണക്കാരുടെ ആവശ്യം.