പറപ്പൂർ: പറപ്പൂർ കല്ലക്കയത്ത് ജലനിധിക്ക് വെള്ളം പമ്പുചെയ്യുന്ന കിണറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ചിലർ മണൽച്ചാക്കും കല്ലും ഉപയോഗിച്ച് തടസ്സപ്പെടുത്തി.

ഇതോടെ ഏഴായിരത്തോളം കുടുംബങ്ങൾക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. മൾട്ടി ജി.പി. പദ്ധതിവഴി കുടിവെള്ളമെത്തിക്കുന്ന വേങ്ങര, ഊരകം, പറപ്പൂർ ജലനിധി പദ്ധതിയുടെ പമ്പിങ്ങാണ് തടസപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വെള്ളംകിട്ടാത്ത പരാതിയുമായി ഗുണഭോക്താക്കൾ രംഗത്തെത്തിയതോടെ ജലനിധി ഫെഡറേഷൻ ഭാരവാഹികളായ കെ.കെ. ഹംസ, എൻ.ടി. ശരീഫ്, ഇ.കെ. സൈദുബിൻ, വി.എസ്. ബഷീർ, ഇ.കെ. സുബൈർ എന്നിവർ വേങ്ങര പോലീസിൽ പരാതിനൽകി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം എസ്.ഐ. അബൂബക്കറിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസ് സംഭവസ്ഥലത്തെത്തി. പോലീസിന്റെയും ജലനിധി ഭാരവാഹികളുടെയും ഗുണഭോക്താക്കളുടെയും സാന്നിധ്യത്തിൽ തടസ്സംനീക്കി വൈകുന്നേരത്തോടെയാണ് പമ്പിങ് പുനരാരംഭിച്ചത്. കെ. അബ്ദുസലാം, പഞ്ചിളി അസീസ്, വി. അനസ്, ടി.പി. ശിഹാബ്, കുഞ്ഞാലസ്സൻ എന്നിവർ നേതൃത്വംനൽകി. മുമ്പും പമ്പിങ് തടസ്സപ്പെടുത്തിയതിനെതിരേ വാട്ടർ അതോറിറ്റി വേങ്ങര പോലീസിൽ പരാതി നൽകിയിരുന്നു.