പള്ളിക്കൽ: കൂനോൾമാട് ഈത്തച്ചിഠയിൽ നിർധനകുടുംബത്തിന്റെ വീടിന് തീപിടിച്ച് വിലപ്പെട്ട രേഖകളും വസ്തുവകകളും കത്തി നശിച്ചു.

ഈത്തച്ചിറ ചേലപ്പുറത്ത് വീട്ടിൽ കരുവാത്ത് അലിയുടെ ഓടിട്ട വീടിന്റെ ഉൾഭാഗമാണ് ശനിയാഴ്ച പകൽ പത്ത്‌ മണിയോടെ അഗ്നിക്കിരയായത്. വീട്ടുകാർ വീട് അടച്ച് പുറത്തുപോയ സമയത്താണ് തീപ്പിടിത്തം ഉണ്ടായത്.

വീടിന് തീപിടിച്ചത് കണ്ട അയൽപക്കത്തെ സ്ത്രീ വിവരം അറിയിച്ചതിനെത്തുടർന്ന് സമീപത്തെ വയലിൽ ജോലി ചെയ്യുകയായിരുന്ന വീട്ടുടമയും നാട്ടുകാരും പിൻവാതിൽ തുറന്ന്‌ അകത്തുകയറി തീ അണയ്ക്കുകയാണണ്ടായത്.

വീട് പുനർനിർമാണത്തിനും മറ്റുമായി പലരിൽനിന്നും സഹായമായി വാങ്ങിയതടക്കമുള്ള അമ്പതിനായിരത്തോളം രൂപയും കത്തിച്ചാമ്പലായി. വീടിന്റെ പട്ടയം, കുട്ടികളുടേതടക്കമുള്ള പലവിധ സർട്ടിഫിക്കറ്റുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ മുതലായവയും കത്തി.

തീപ്പിടിത്തത്തിന്റെ യഥാർഥ കാരണം അറിവായിട്ടില്ല. പ്രദേശത്ത് ഇടി ഉണ്ടായിരുന്നതായി പറയുന്നുണ്ട്. വില്ലേജ് അധികൃതർ വീട് സന്ദർശിച്ചു.