കൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ ടാറിങ് നടക്കുന്നതിനെത്തുടർന്നുള്ള ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ നിരവധി യാത്രക്കാരാണ് ഗതാഗതക്കുരുക്കിൽ കുരുങ്ങിയത്. തുറയ്ക്കലിലാണ് ടാറിങ് നടക്കുന്നത്. ഗതാഗതക്കുരുക്ക് ഇരു ഭാഗത്തുമായി മൂന്ന് കിലോമീറ്ററോളം നീണ്ടു. വിമാനത്താവള റോഡിലും കരുക്ക് അനുഭവപ്പെട്ടതോടെ വാഹനങ്ങൾ നീങ്ങാനാവാത്ത അവസ്ഥയായി. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് കുരുക്കിന് തെല്ല് ശമനമുണ്ടാക്കിയത്.

കൊണ്ടോട്ടി ഭാഗത്തേക്കുള്ള ബസുകളടക്കം വിമാനത്താവള റോഡിൽ പ്രവേശിച്ച് മേലങ്ങാടി വഴിയാണ് സഞ്ചരിച്ചത്.

രോഗികളുമായിപോയ ആംബുലൻസുകൾക്ക് വഴിയൊരുക്കാനും നന്നെ പ്രയാസപ്പെട്ടു. റോഡ്‌ ടാറിങ് നടക്കുന്നത് സംബന്ധിച്ച് കൊണ്ടോട്ടിയിലും പുളിക്കലും സൂചനാ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് കരുക്കിൽപ്പെടാതെ സഞ്ചരിക്കാമായിരുന്നു. കോഴിക്കോട്ടേക്കുള്ള ചരക്ക്‌ വാഹനങ്ങളടക്കം എടവണ്ണപ്പാറ റോഡുവഴി തിരിച്ചുവിട്ടാലും ഗതാഗതക്കുരുക്ക് കുറയ്ക്കാമായിരുന്നു. പക്ഷേ, ബന്ധപ്പെട്ടവർ യാതൊരു നടപടിയുമെടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്.