പള്ളിക്കൽ : ‘അരുന്ധതിക്കും വീട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ല. സുരേഷ് ഗോപി തന്നെയോ വിട്ടിൽവന്നത്..!’

ഓൺലൈൻ പഠനത്തിന് സ്വന്തമായി മൊബൈൽ ഫോണില്ലാത്ത സങ്കടം പറയാനാണ് സുരേഷ് ഗോപി എം.പി.യുടെ ഫോണിൽ അരുന്ധതി വിളിക്കുന്നത്.

ഫോണെടുത്ത അദ്ദേഹത്തിന്റെ പി.എ. വിവരങ്ങൾ അന്വേഷിച്ചു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺവെയ്ക്കുകയും ചെയ്തു. അതവിടെ കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. സുരേഷ് ഗോപി കുട്ടിക്ക് മൊബൈൽ ഫോൺനൽകുമെന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബി.ജെ.പി. പ്രാദേശികഘടകത്തിൽനിന്ന് ലഭിച്ചു. അദ്ദേഹം നേരിട്ടെത്തുമെന്ന ധാരണ അപ്പോഴും ആർക്കും ഇല്ലായിരുന്നു. രാവിലെ 10 മണിയോടെ സുരേഷ് ഗോപി വീട്ടിലെത്തി.

ചെട്ട്യാർമാട് അധികാരത്ത് അങ്കണവാടിക്കുസമീപം താമസിക്കുന്ന അമ്പാടി ചെമ്മനാട്ടിൽ കൃഷ്ണന്റെയും മീനകുമാരിയുടെയും രണ്ടാമത്തെ മകളായ അരുന്ധതി, കാലിക്കറ്റ് സർവകലാശാല കാമ്പസ് ജി.എം.എച്ച്.എസ്. സ്കൂളിലെ 10-ാം തരം വിദ്യാർഥിനിയാണ്. ഓട്ടോ തൊഴിലാളിയായ കൃഷ്ണൻ നട്ടെല്ലിന് ക്ഷതമേറ്റ് ബുദ്ധിമുട്ടനുഭവിക്കുകയാണ്. കൃഷ്ണന്റെ വീടുപണി പൂർത്തിയാക്കാൻ രണ്ടുലക്ഷം രൂപയും വാഗ്ദാനം നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ, ഗണേശൻ പച്ചാട്ട്, കെ.പി. പ്രകാശൻ, വി.സി. നാഗൻ, സന്തോഷ് ചെമ്പകശ്ശേരി, സുകേഷ് ദേവ്, അർജുൻ മേച്ചേരി, ടി.ഐ. മധു, പ്രതീഷ്, സുനിൽ കോതേരി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.