suresh babuതവനൂർ: വൃക്കകൾ തകരാറിലായ കുടുംബനാഥന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് നിർധനകുടുംബം. വെള്ളാഞ്ചേരി മേനാത്തുവളപ്പിൽ പരേതനായ അയ്യപ്പന്റെ മകൻ സുരേഷ് ബാബു(43)വിന്റെ കുടുംബമാണ് ചികിത്സയ്ക്കായി കരുണ കാത്തിരിക്കുന്നത്.

ഒരുവർഷമായി വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. ഇപ്പോൾ ഇരുവൃക്കകളുടെയും പ്രവർത്തനം തകരാറിലായി. വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.

ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ സുരേഷ് ബാബു കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ഇപ്പോൾ പണിക്കുപോകാൻ കഴിയാത്ത അവസ്ഥയാണ്.

മരുന്നിനും മറ്റുമായി വലിയൊരു സംഖ്യ ചെലവുവരുന്നത് ഈ നിർധനകുടുംബത്തിന് താങ്ങാനാകുന്നില്ല. കുടുംബത്തിലെതന്നെ മറ്റൊരാളിൽനിന്ന് വൃക്ക സ്വീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചേരാത്തതിനാൽ ആ പ്രതീക്ഷ അസ്തമിച്ചു. വൃക്ക ലഭിച്ചാലും ശസ്ത്രക്രിയയ്ക്കും മറ്റുമായി വേണ്ടിവരുന്ന 15 ലക്ഷത്തോളംരൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഈ കുടുംബം. സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റേണ്ടിവന്നാൽ തുക 25 ലക്ഷത്തോളമാകും.

സുരേഷ് ബാബുവിന്റെ കുടുംബത്തെ സഹായിക്കാനായി നാട്ടുകാർ ചികിത്സാസഹായ സമിതിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. കെ.പി. സുബ്രഹ്മണ്യൻ ചെയർമാനും പി. മോഹൻദാസ് കൺവീനറുമാണ്. കുറ്റിപ്പുറം കനറാ ബാങ്കിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3909101005013. ഫോൺ: 9447301516.