കാളികാവ്: വൃക്ക പകുത്തുനൽകിയ മാതൃവാത്സല്യത്തോളം വരില്ലെങ്കിലും ദിബേഷിനെ സഹായിക്കാൻ വിദ്യാർഥികളും രംഗത്തിറങ്ങി. മമ്പാട് എം.ഇ.എസ്. കോളേജ് വിദ്യാർഥികളാണ് ദിബേഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പുസ്തകവിൽപ്പനയുമായി രംഗത്തിറങ്ങിയത്.

ഇരുവൃക്കകളും തകരാറിലായ ചേനപ്പാടിയിലെ പുതിയത്ത് കറുപ്പൻകുട്ടിയുടെയും കോമളകുമാരിയുടെയും മകൻ ദിബേഷിനായാണ് കല്ലാമൂല മഹല്ല് കമ്മിറ്റി ചികിത്സാസഹായ പദ്ധതിക്ക് തുടക്കമിട്ടത്.

നാട്ടുകാരുടെ പിന്തുണയും പ്രാർഥനയും വെറുതെയായില്ല. മാതാവ് പകുത്തുനൽകിയ വൃക്ക ദിബേഷിൽ പ്രവർത്തിച്ചുതുടങ്ങി. ശസ്ത്രക്രിയാനന്തരമുള്ള ചെലവിലേക്കാണ് വിദ്യാർഥികളുടെ കൈത്താങ്ങ്. പുസ്തകവിൽപ്പനയാണ് വിദ്യാർഥികൾ തിരഞ്ഞെടുത്തിട്ടുള്ളത്. സാനു പള്ളിശ്ശേരി എഴുതിയ ‘ഒരു ദേശത്തിന്റെ ആത്മകഥ’ എന്ന പുസ്തകമാണ് വിദ്യാർഥികൾ വിൽക്കുന്നത്. വില നിശ്ചയിക്കാതെ കാരുണ്യക്കൈനീട്ടം എന്ന നിലയിലാണ് വിൽപ്പന നടത്തുന്നത്. പ്രവാസിയായ എഴുത്തുകാരൻ സാനു പള്ളിശ്ശേരിയും പ്രസാധകരും നന്മ ലക്ഷ്യമാക്കി രംഗത്തിറങ്ങിയ വിദ്യാർഥികൾക്ക് പൂർണമായും സൗജന്യമായാണ് പുസ്തകം നൽകിയിട്ടുള്ളത്.

പള്ളിശ്ശേരി ഗ്രാമത്തിന്റെ ചരിത്രാവിഷ്‌കാരം ദിബേഷിന് ആശ്വാസമാകുന്നതിൽ സന്തോഷമുണ്ടെന്ന് ദുബായ് സഅബീൽ ജീവനക്കാരനായ എഴുത്തുകാരൻ സാനു പള്ളിശ്ശേരി പറഞ്ഞു.

മമ്പാട് എം.ഇ.എസ്. എൻ.എസ്.എസ്. സെക്രട്ടറി ശരത്, അഷ്‌ഫാഖ്, അസ്‌ലം, തൻസിം, രിസ്‌വാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദിബേഷിനെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

Content Highlights: Students Selling Books For Helping Kidney Patiant Kalikavu