പൊന്നാനി: പൊന്നാനി കടലോരത്ത് സ്റ്റേഡിയം നിർമ്മിക്കാനുള്ള സാധ്യത ആരാഞ്ഞ് സ്ഥലം എം.എൽ.എ. കൂടിയായ സ്പീക്കർ ശ്രീരാമകൃഷ്ണൻ നടപടികൾ തുടങ്ങി. ഇതോടെ പ്രദേശത്തിന്റെ കായിക സ്വപ്നങ്ങൾ ചിറക് വിടർത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

സംസ്ഥാനത്താദ്യമായി നടന്ന ബീച്ച് ഗെയിസിന്റെ വിജയം പൊന്നാനിയുടെ കായിക രംഗത്തിന് ഉണർവ് നൽകിയിട്ടുണ്ട്. ദേശീയ ടീമിൽ പോലും സ്ഥിരമായി ഇടം പിടിക്കുന്ന കബഡി താരങ്ങൾക്ക് മികച്ച പരിശീലനത്തിനുള്ള സൗകര്യമില്ലെന്ന പരാതികൾക്ക് പരിഹാരം കാണാനായി ഹാർബറിനോട് ചേർന്നുള്ള മൈതാനത്ത് സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷണൻ പറഞ്ഞു.

തീരദേശ മേഖലയിലെ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനോടൊപ്പം മികച്ച കായിക സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹാർബറിനോട് ചേർന്ന് സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

പൊന്നാനിയിൽ നിളയോരത്ത് നിർമിക്കുന്ന നിളാതീരം ഇൻഡോർ ആൻഡ്‌ അക്വാറ്റിക് സ്പോർട്‌സ് കോംപ്ലക്സ് പദ്ധതി യാഥാർഥ്യമാവുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 12.78 കോടി വകയിരുത്തുകയും കിഫ്ബിയുടെ അംഗീകാരം ലഭിക്കുകയും ചെയ്ത പദ്ധതിക്ക് ഭരണാനുമതി കൂടി ലഭ്യമായതോടെ ടെൻഡർ നടപടികൾ ആരംഭിച്ചു.