മേലാറ്റൂർ: നീണ്ട ഇടവേളയ്ക്കുശേഷം പഴയ വിദ്യാലയത്തിൽ ഒത്തുകൂടിയപ്പോഴാണ് അവൾ വിവാഹിതയല്ലെന്ന് അവർ അറിഞ്ഞത്. പിന്നീടങ്ങോട് അവർ അവളോടൊപ്പം ചേർന്നു. ആലോചനകൾ മുറുകി. ഒടുവിൽ അവൾ സുമംഗലിയായി. കീഴാറ്റൂരിലെ പരേതരായ കിഴക്കേലത്തൊടി അച്യുതൻകുട്ടി നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൾ ശ്രീലതയാണ് സഹപാഠികളുടെ കൂട്ടായ്മയിൽ വ്യാഴാഴ്ച വിവാഹജീവിതത്തിലേക്ക് കടന്നത്. വെട്ടത്തൂർ തേലക്കാട് പരുത്തി മന നാരായണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകൻ ഹരിയാണ് വരൻ.
മേലാറ്റൂർ ആർ.എം. ഹയർ സെക്കൻഡറി സ്കൂളിലെ 1992 -93 വർഷത്തെ എസ്.എസ് എൽ.സി. ബാച്ചിന്റെ കൂട്ടായ്മയായ ഓർമത്തണൽ- 93 ആണ് സഹപാഠിക്ക് പ്രത്യാശയുടെ പുതുജീവൻ പകർന്നത്. ചെമ്മാണിയോട് ലൗ ലൈൻ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹച്ചടങ്ങിൽ കൂട്ടായ്മയിലെ മുഴുവൻ വിദ്യാർഥികളും പൂർവ അധ്യാപകരും ഒത്തുകൂടി. വിഭവസമൃദ്ധമായ സദ്യയുണ്ടും മധുരം നുകർന്നും വധൂവരൻമാരെ അനുഗ്രഹിച്ച് മടങ്ങുമ്പോൾ കൂട്ടായ്മയുടെ ഒാർമയ്ക്കായ് ഒരു വൃക്ഷത്തൈ സമ്മാനമായി നൽകാനും അവർ മറന്നില്ല.