മഞ്ചേരി: മതവിശ്വാസം ഒരിക്കലും മനുഷ്യർക്കിടയിൽ വിദ്വേഷം വിതക്കാനാവരുതെന്ന് ഡോ.കെ.ജെ. യേശുദാസ് അഭിപ്രായപ്പെട്ടു. മഞ്ചേരിയിൽ ബാബുരാജ് കൾച്ചറൽ അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയപാട്ടുകാർ ബഹുമതികൾക്കോ പ്രശസ്തിക്കോവേണ്ടി പാടരുത്. മുമ്പൊക്കെ ഒരുപാട്ട് മുഴുമിപ്പിക്കണമെങ്കിൽ ദിവസങ്ങളുടെ നിരന്തരസാധന ആവശ്യമായിരുന്നു. ഇന്ന് റെഡിമെയ്ഡ് ഇഡ്ഡലി കഴിക്കുന്നതുപോലെയാണ് പാട്ടുകൾ. മനസ്സിന് തൃപ്തിയോടെയല്ല ഇപ്പോൾ പാടുന്നതെന്നും യേശുദാസ് പറഞ്ഞു.

ബാബുരാജാണ് ആദ്യമായി തന്നെ മഞ്ചേരിയിലെത്തിച്ചതെന്ന് അദ്ദേഹം ഓർത്തു. കൊരമ്പയിൽ അഹമ്മദ്ഹാജി നല്കിയ സഹോദരതുല്യമായ സ്‌നേഹമാണ് ഇവിടെനിന്നും ലഭിച്ചത്. എന്റെ ബൈബിളും ഖുർആനും ഗീതയുമെല്ലാം പാട്ടുപുസ്തകമാണെന്ന് യേശുദാസ് പറഞ്ഞു. സമഗ്രസംഭാവനക്കുള്ള പാട്ടരങ്ങ് പുരസ്‌കാരം സംവിധായകൻ ശ്രീകുമാരൻതമ്പി യേശുദാസിന് സമ്മാനിച്ചു. പാട്ടരങ്ങിന്റെ പത്താംവാർഷികം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

എം. ഉമ്മർ എം.എൽ.എ. അധ്യക്ഷനായി. ജില്ലാസെഷൻസ് ജഡ്ജി സുരേഷ് കുമാർപോൾ, ടി.കെ. ഹംസ, എം. കേശവൻനായർ, കെ. ശിവശങ്കരൻ, ബി.വി. പ്രമോദ്, പി. രാജീവ്, അർഷക്അലി, ഡോ. ലാലപ്പൻ കരിപ്പാപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: singer kj yesudas against communal violence