തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ഈവർഷം പ്രവേശനംനേടിയ ഗവേഷകർക്ക് ഫെലോഷിപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവർത്തകർ രാപകൽ സമരം ആരംഭിച്ചു. 2019-ൽ പ്രവേശനം നേടിയ ഗവേഷകബാച്ചിന്റെ ഫെലോഷിപ്പ് പുനഃസ്ഥാപിക്കുമെന്ന് സർവകലാശാലാ അധികൃതർ നൽകിയ ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.

ഫെലോഷിപ്പ് ലഭിക്കാത്തതിനാൽ ഗവേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ അഞ്ച് ഗവേഷകവിദ്യാർഥികൾ ഗവേഷണം അവസാനിപ്പിക്കാൻ ഒരുങ്ങിയതോടെയാണ് എസ്.എഫ്.ഐ. പ്രതിഷേധം ശക്തമാക്കിയത്. നിലവിൽ 2019-ന് മുൻപ് പ്രവേശനം നേടിയ ഗവേഷകർക്ക് ഫെലോഷിപ്പ് നൽകുന്നുണ്ടെങ്കിലും കൃത്യമായി നൽകാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. ഇ-ഗ്രാന്റും ഫെലോഷിപ്പും കൃത്യമായി ലഭിക്കാത്തതിനാൽ ഗവേഷകരിൽ പലരും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികളാണ് സർവകലാശാലയിൽ കൂടുതലെന്നും പഠനത്തോടൊപ്പം ലഭിക്കുന്ന സ്‌കോളർഷിപ്പുകളുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പഠിക്കുന്നതെന്നും എസ്.എഫ്.ഐ. സെനറ്റ് അംഗം സിജിൻ സാമുവൽ പറഞ്ഞു. സാമ്പത്തികസഹായമില്ലാതെ ഗവേഷണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഗവേഷക വിദ്യാർഥി ഇ.ആർ. അനിൽകുമാർ പറഞ്ഞു.

ഫെലോഷിപ്പ്‌ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു

മലയാളസർവകലാശാലയ്ക്ക് സ്വന്തമായ വരുമാനമാർഗങ്ങളില്ല. സർക്കാർ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഫെലോഷിപ്പുകൾ നൽകുന്നത്. സർക്കാർ ഫണ്ട് അനുവദിച്ചാലേ ഫെലോഷിപ്പ് നൽകാൻ കഴിയുകയുള്ളൂ. 2019-ലെ ഗവേഷക പ്രവേശന വിജ്ഞാപനത്തിൽത്തന്നെ ഫെലോഷിപ്പ്‌ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതു മനസ്സിലാക്കിയാണ് ഗവേഷകർ പ്രവേശനം നേടിയതും

ഡോ. അനിൽ വള്ളത്തോൾ

വി.സി, മലയാളസർവകലാശാല

സർവകലാശാല ഉറപ്പ് പാലിച്ചില്ല

2019-ലെ വിജ്ഞാപനത്തിൽ ഫെലോഷിപ്പ്‌ ഇല്ലെന്നു പറഞ്ഞിരുന്നു. ഫെലോഷിപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. നടത്തിയ സമരത്തെത്തുടർന്ന് സർവകലാശാലാ അധികൃതർ ഫെലോഷിപ്പ് പുനഃസ്ഥാപിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. ഗവേഷകർക്ക് ആനുകൂല്യം ലഭിക്കുന്നതുവരെ എസ്.എഫ്.ഐ. പ്രതിഷേധിക്കും. രാപകൽ സമരത്തിൽ ഫലം കണ്ടില്ലെങ്കിൽ നിരാഹാരസമരത്തിലേക്ക് ഞങ്ങൾ കടക്കും.

കെ.എസ്. ആർദ്ര

യൂണിയൻ ചെയർപേഴ്‌സൺ