കോട്ടയ്ക്കൽ : ചൊറിച്ചിലും അലർജിയുമുണ്ടാക്കുന്ന മരമാണ് ചേര്. ഇതിന്റെ പേരിൽ ചേര് വെട്ടിയൊഴിവാക്കുന്നവർ കേൾക്കുക; ചേരുമരത്തിന്റെ ശുദ്ധിവരുത്തിയ കുരുവിന് അർബുദകോശങ്ങളെ നശിപ്പിക്കാൻ കഴിവുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തൽ.

ആയുർവേദത്തിൽ വിഷാംശം അടങ്ങിയ മരുന്നുചെടികളിൽപ്പെട്ടതാണ് ചേരിൻകുരു. ഇത്തരം ചെടികൾ മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്നതിനുമുൻപ്‌ ചില ശുദ്ധീകരണപ്രക്രിയ നടത്തണം. ആയുർവേദവിധിപ്രകാരം ശുദ്ധിചെയ്ത ചേരിൻകുരു സാമ്പിളുകളും അസംസ്കൃത രൂപത്തിൽ ഉള്ള ചേരിൻകുരുവും ആണ് പഠനങ്ങൾക്കുവിധേയമാക്കിയത്.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ ശുദ്ധിചെയ്ത ചേരിൻകുരുവിന് അർബുദത്തെ ചെറുക്കാൻ കഴിവുള്ളതായി കണ്ടെത്തി. അനാകാഡിക് ആസിഡുകളുടെ വ്യത്യസ്ത രൂപങ്ങൾ ചേരിൻകുരുവിൽ ഉണ്ട്. ശുദ്ധി ചെയ്യുമ്പോൾ ഇതിൽ ചിലത് കാഡനോൾ എന്ന മറ്റൊരു രൂപത്തിലേക്ക് മാറുന്നു. ഇത് ഇതിന്റെ വിഷാംശം കുറയ്ക്കുകയും അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഉള്ള കഴിവ് കൂട്ടുകയും ചെയ്യുന്നു

മുംബൈ ആസ്ഥാനമായ നവജ്ഭായി രത്തൻടാറ്റ ട്രസ്റ്റിന്റെ സാമ്പത്തികസഹായത്തോടു കൂടിയാണ് ഗവേഷണം നടത്തിയത്. ഔഷധ സസ്യഗവേഷണ കേന്ദ്രത്തിൽന്റെ പ്രോജക്ട്‌ ഡയറക്ടർ ഡോ. ഇന്ദിര ബാലചന്ദ്രന് കീഴിൽ ഫൈറ്റോകെമിസ്ട്രി വിഭാഗം തലവൻ ഡോ. സി.ടി. സുലൈമാന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.

ഗവേഷണപ്രബന്ധം അമേരിക്കയിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന റെഗുലേറ്ററി ടോക്‌സിക്കോളജി ആൻഡ് ഫാർമക്കോളജി എന്ന ജേർണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൈറ്റോകെമിസ്ട്രി വിഭാഗത്തിലെ എം. ദീപക്, കെ.ആർ. ലിജിനി, ഊട്ടി ജെ.എസ്‌.എസ്. കോളേജ് ഓഫ് ഫാർമസിയിലെ ഡോ. ടി.കെ. പ്രവീൺ, ആര്യവൈദ്യശാലാ പ്രോഡക്ട്‌ ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. ഇ.എം. ആനന്ദൻ എന്നിവരാണ് മറ്റു ഗവേഷകർ.