കൊണ്ടോട്ടി: നെടിയിരുപ്പ് ജി.എൽ.പി.സ്‌കൂളിന് മുന്നിലെ മുറ്റംനിറയെ പച്ചക്കറികളാണ്. കുട്ടികൾക്ക് കൃഷിപാഠം നൽകുക എന്നതിനപ്പുറം സ്‌കൂൾപരിസരത്ത് സ്വൈരവിഹാരം നടത്തിയിരുന്ന വിഷപ്പാമ്പുകളെ അകറ്റാനാണ് പച്ചക്കറിക്കൃഷി തുടങ്ങിയത്.

ദേശീയപാതയോരത്തുള്ള സ്‌കൂളിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളിന് മുൻവശം നേരത്തേ കുറ്റിക്കാടുകളും ചെടികളും നിറഞ്ഞിരുന്നു. സ്ഥിരമായി വിഷപ്പാമ്പുകളെ കണ്ടതോടെയാണ് 2011-ൽ കാടുവെട്ടിത്തെളിച്ച് പച്ചക്കറിക്കൃഷി ചെയ്തത്. ഇപ്പോൾ പയറും വെണ്ടയും മത്തനും കുമ്പളവുമെല്ലാം സ്ഥിരമായി വിളയിക്കുന്നു.

വിളവ് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. രണ്ടുവർഷം മുമ്പുവരെ സ്‌കൂൾപരിസരത്ത് പാമ്പുകളെ കണ്ടിരുന്നെന്ന്‌ പ്രഥമാധ്യാപിക ശ്രീരേഖ പറഞ്ഞു. സ്‌കൂളിനകത്ത് ഇതുവരെയും കണ്ടിട്ടില്ല. സ്‌കൂൾ പരിസരത്തുനിന്ന് നേരത്തേ രാത്രിയിൽ സ്ഥിരമായി പാമ്പുകളെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വാടകക്കെട്ടിടമായതിനാൽ സർക്കാർ ഫണ്ടൊന്നും സ്‌കൂളിന് ലഭിക്കുന്നില്ല. കെട്ടിടം നന്നാക്കാനോ പരിപാലിക്കാനോ തയ്യാറാകുന്നുമില്ല. 15 സെന്റ് സ്ഥലം സ്‌കൂളിന് ദാനമായി നൽകാമെന്ന് നേരത്തേ സ്ഥലമുടമ വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. 2008-ൽ 68 കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന സ്‌കൂളിൽ നിലവിൽ 195 കുട്ടികളുണ്ട്.

സ്കൂളിൽവെച്ച് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചതിനുപിന്നാലെ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്ന പരിതാപകരമായ സാഹചര്യങ്ങളും ചർച്ചയാവുകയാണ്.