പെരിന്തൽമണ്ണ: മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കിരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിരക്ഷയേകുന്നതിനുള്ള സഖി വൺസ്റ്റോപ്പ് സെന്റർ ജില്ലയിലാദ്യമായി പെരിന്തൽമണ്ണയിൽ തുറന്നു. ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തു.

ജില്ലയിൽ മൂന്നുമാസത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ വിവിധ അതിക്രമങ്ങളിൽ 47 കേസുകൾ എടുത്തതായി മന്ത്രി പറഞ്ഞു. പട്ടാമ്പി റോഡിൽ പൊതുമരാമത്ത് ഓഫീസ് വളപ്പിലാണ് സെന്റർ. വൺസ്റ്റോപ്പ് സെന്ററിലൂടെ ഇരകൾക്ക് നിയമപരിരക്ഷ, കൗൺസലിങ്, സൗജന്യനിയമസഹായം, വൈദ്യസഹായം, താത്കാലിക താമസസൗകര്യം, മാനസിക സാമൂഹിക പിന്തുണ തുടങ്ങിയവ ഒരു കുടക്കീഴിൽ ലഭ്യമാകും.

മഞ്ഞളാംകുഴി അലി എം.എൽ.എ. അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുൽപ്പാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, ജില്ലാപഞ്ചായത്തംഗം ഹാജറുമ്മ, നഗരസഭാ ഉപാധ്യക്ഷ നിഷി അനിൽരാജ്, വി.പി. മുഹമ്മദ് ഹനീഫ, തെക്കത്ത് ഉസ്മാൻ, വി. രമേശൻ, ചമയം ബാപ്പു, ജിഷ ഗ്ലാഡ്സ്റ്റൺ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Sakhi OneStop Center Opened in Malappuram