പുളിക്കൽ : ഈ മാതാവിന്റെയും മകളുടെയും നിത്യജീവിതത്തിൽ നിറയുന്നത് ഇല്ലായ്‌മയുടെ കഥകൾ മാത്രം. പുളിക്കൽ പഞ്ചായത്തിലെ അരൂരിനു സമീപം രണ്ടാംവാർഡ് പുൽപ്പറമ്പിൽ മലമുകളിൽ താമസിക്കുന്ന എൻ.പി. സാബിറയുടെയും മകളുടെയും ജീവിതമാണ് ഇരുട്ടുനിറഞ്ഞ് ദുരിതക്കയത്തിലായിരിക്കുന്നത്. തറനിരപ്പിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടിയ മേൽക്കൂരയ്ക്കുകീഴിൽ കല്ലുകളും സിമന്റ് കട്ടകളും ചേർത്തുവെച്ച ഒരു കൂര. ഇതാകട്ടെ ഏതുനിമിഷവും നിലംപൊത്താറായ നിലയിലും.

മഴയും കാറ്റും ഒന്നിച്ചുവരുമ്പോൾ മേൽക്കൂരയായി ഉപയോഗിച്ച ഷീറ്റ് കാറ്റിൽ പാറി വെള്ളം അകത്തുകടക്കും. കിടക്കാനും ഇരിക്കാനുമായി കുടിലിനുള്ളിലുള്ളത്‌ നാല് കല്ലുകൾക്കു മുകളിൽവെച്ച പലകക്കഷണം മാത്രം. നിലവും മണ്ണുതന്നെ. കാണുന്നവരാരും ഇതിനെ വീട് എന്നു പറയില്ല. മേൽക്കൂരയായി കെട്ടിയ ഷീറ്റിൽനിന്നു വീഴുന്ന വെള്ളം രണ്ടു വലിയ പ്ലാസ്‌റ്റിക് പാത്രത്തിൽ ശേഖരിച്ച് അതു തിളപ്പിച്ച് കുടിവെള്ളമാക്കുന്നു. ആദ്യമെല്ലാം താഴ്ഭാഗത്തുള്ള വീടുകളിൽനിന്ന് സാബിറ കുടിവെള്ളം കൊണ്ടുവന്നിരുന്നെങ്കിലും ഇപ്പോൾ ശാരീരികബുദ്ധിമുട്ടുകളുള്ളതിനാൽ ചെങ്കുത്തായ കയറ്റം കയറി വെള്ളം കൊണ്ടുവരാൻ കഴിയാതെയായി. ഒന്നാംക്ലാസുകാരിയായ മകളാണ് സാബിറയ്ക്കു സഹായമായിട്ടുള്ളത്.

വീട്ടിലേക്കു കടന്നുചെല്ലാൻ നല്ലൊരു വഴിയില്ല. മലമുകളിലെ ഇവരുടെ ഷെഡിലേക്കു കയറിച്ചെല്ലാനുള്ള മൂന്നടിപ്പാത നിറയെ കാടുനിറഞ്ഞുകിടക്കുകയാണ്. ഇതുവഴിയുള്ള യാത്ര അപകടകരമായപ്പോൾ സമീപത്തുള്ള മറ്റൊരാളുടെ സ്ഥലത്തിലൂടെയാണ് ഇപ്പോൾ നടത്തം. മണ്ണെണ്ണവിളക്കുമാത്രമാണ് വീട്ടിൽ വെളിച്ചമേകാനുള്ളത്.

മകളുടെ പഠനത്തിനായി സ്‌കൂൾ അധികൃതർ നൽകിയ ഫോൺ ബാറ്ററി ചാർജ് ചെയ്യാനും റീചാർജ്‌ ചെയ്യാനുള്ള പണം കണ്ടെത്താനും സാബിറയ്ക്ക് ആരുടെയെങ്കിലും സഹായംതേടണം. സാബിറയുടെ പേരിലുള്ള നാലുസെന്റ് സ്ഥലത്താണ് ഇവർ വെച്ചുകെട്ടിയ കൂര. ബി.പി.എൽ. കാർഡ് ഉടമയായതിനാൽ ലഭിക്കുന്ന അരിയും വല്ലപ്പോഴും ആരെങ്കിലും നൽകുന്ന ഭക്ഷണക്കിറ്റുകളുമാണ് ആശ്രയം. സമ്മർദങ്ങളിൽ വലഞ്ഞ് സാബിറ രണ്ടുവർഷംമുൻപ്‌ മാനസികമായ വെല്ലുവിളികളും നേരിട്ടിരുന്നു. രണ്ടു കുടുംബങ്ങളുടെ സംരക്ഷണം നടത്തേണ്ട സാബിറയുടെ ഭർത്താവിനാകട്ടെ വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയിൽനിന്നുള്ള തുച്ഛമായ വരുമാനംകൊണ്ട് ഇവരുടെ നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലതാനും.