അങ്ങാടിപ്പുറം: റെയിൽവേ പ്ലാറ്റ്‌ഫോമിലും സ്‌റ്റേഷൻ പരിസരങ്ങളിലും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ റെയിൽവേ സംരക്ഷണസേനയുടെ ക്ലാസ്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് സേനാംഗങ്ങൾ സ്‌റ്റേഷൻ പരിസരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി ബോധവത്കരണം നടത്തിയത്.
വിദ്യാർഥികൾ പാളത്തിലും പ്ലാറ്റ്‌ഫോമിലും അശ്രദ്ധമായി കൂട്ടമായിരുന്ന് ചാറ്റ് ചെയ്യുക, പ്ലാറ്റ്‌ഫോമിലിരുന്ന് കാലുകൾ പാളത്തിലേക്ക് നീട്ടിവെക്കുക, വണ്ടിവരുമ്പോൾ അശ്രദ്ധയോടെ പാളം മുറിച്ചുകടക്കുക, പാളത്തിലൂടെ അശ്രദ്ധമായി ജോഡി ചേർന്ന് നടക്കുക തുടങ്ങിയ അപകട സാധ്യതയേറിയ പ്രവൃത്തികളിൽനിന്നും വിദ്യാർഥികൾ വിട്ടുനിൽക്കണമെന്നും സേനാംഗങ്ങൾ അഭ്യർഥിച്ചു.
പാലക്കാട് റെയിൽവേ സംരക്ഷണ സേന കമാൻഡന്റ് മനോജ്കുമാറിന്റെ നിർദേശപ്രകാരം ഷൊർണൂർ ആർ.പി.എഫ്. എസ്.ഐ. അനൂപ്കുമാർ, ഹെഡ്‌കോൺസ്റ്റബിൾ അശോകൻ, കോൺസ്റ്റബിൾമാരായ രാധാകൃഷ്ണൻ, ബിനു, രാജേഷ്‌കുമാർ, രാമദാസ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. വരുംദിവസങ്ങളിലും ബോധവത്കരണം തുടരും. അതിനുശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അങ്ങാടിപ്പുറത്ത് വിദ്യാർഥികൾ കൂട്ടമായി പാളത്തിലൂടെ നടക്കുന്നതും പ്ലാറ്റ്‌ഫോമിൽ അശ്രദ്ധമായിരിക്കുന്നതുമടക്കമുള്ള പരാതികൾ റെയിൽവേ കമ്മിഷണർക്ക് ലഭിച്ചിരുന്നു.
Content Highlights: rpf awareness programme for students