കോട്ടയ്ക്കൽ: രണ്ടത്താണിയിലെ മലേഷ്യ ടെക്‌സ്റ്റൈൽസിന്റെ ഇരുനിലക്കെട്ടിടത്തിൽ തീപ്പിടിത്തം. ചുമർ കുത്തിത്തുറന്ന് പണം മോഷ്ടിച്ചവർ തെളിവില്ലാതിരിക്കാൻ കടയ്ക്കു തീയിട്ടുപോയതാണെന്നാണ് പോലീസിന്റെ നിഗമനം. കെട്ടിടത്തിന്റെ താഴത്തെനില പൂർണമായും കത്തിനശിച്ചു. തൊട്ടടുത്ത കെട്ടിടത്തിലെ പ്ലൈവുഡ്-ഗ്ലാസ് ഡോഡൗണിന് തീപ്പിടിത്തത്തിൽ ചെറിയ കേടുകൾപറ്റി.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തൊട്ടടുത്ത് ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവരാണ് കെട്ടിടത്തിൽനിന്ന് തീയാളുന്നതുകണ്ട് ഓടിയെത്തിയത്. നാട്ടുകാരും തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും ഏറെനേരം ശ്രമിച്ച് തീയണച്ചു. കാടാമ്പുഴ എസ്.ഐ. കെ.എൻ. മനോജിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയുള്ള സി.സി.ടി.വി ക്യാമറ മോഷ്ടാക്കൾ നശിപ്പിച്ചിട്ടുണ്ട്.

കടയിലുണ്ടായിരുന്ന പതിനായിരത്തോളംരൂപ മോഷണംപോയി. 55 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി ടെക്‌സറ്റൈൽസ് ഉടമ സലാം മൂർക്കത്ത് കാടാമ്പുഴ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.

നാലുദിവസംമുമ്പ് തൊട്ടടുത്തുള്ള ലൗലി ടെക്സ്റ്റൈൽസും സമാനമായരീതിയിൽ കുത്തിത്തുറന്ന് പണവും തുണിത്തരങ്ങളും മോഷ്ടിച്ചിരുന്നു. ഒരാഴ്ചമുമ്പ് മുള്ളൻമടയിൽ വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപ കവർന്ന സംഭവവുമുണ്ടായി.