തിരൂർ: പശ്ചിമബംഗാളിലെ റാണഘട്ട് റെയിൽവേ സ്റ്റേഷനിൽ ഉപജീവനത്തിനായി പാടിയ പാട്ടുകൾ വൈറലായതോടെ പ്രശസ്തയായ റാണു മൊണ്ടാൽ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിലെത്തി. തിരൂരിൽ ജൂവലറി ഉദ്ഘാടന ചടങ്ങിനെത്തിയ റാണു മരിയ മൊണ്ടാലിനെ കാണാൻ നഗരത്തിൽ ആയിരങ്ങളെത്തി.
സ്വരമാധുര്യംകൊണ്ട് സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കിയ റാണു മൊണ്ടാലിന് മലയാള ഭാഷയുടെയും മാപ്പിളപ്പാട്ടിന്റെയും കാൽപ്പന്തിന്റെയും നാട്ടിലെത്തിലെത്തിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ളാദം. അവർ ഉറക്കെ പറഞ്ഞു, മലയാളികളുടെ സ്നേഹത്തിന് ഒരായിരം നന്ദി. എന്നെയും എന്റെ പാട്ടിനേയും സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദി.
തുടർന്ന് ‘തേരീ മേരീ കഹാനി’ എന്ന ഗാനം അവർ പാടിയപ്പോൾ ആസ്വാദകർ ആഹ്ളാദരവത്തോടെ എതിരേറ്റു. പാട്ടുപാടി ഒരുമണിക്കൂർനേരം അവർ തിരൂരിൽ ചെലവഴിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ ദരിദ്രകുടുംബത്തിലാണ് റാണു മൊണ്ടാൽ ജനിച്ചത്. റാണ ഘട്ട് റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടി ജീവിച്ച ഇവരുടെ അസാധാരണമായ ശബ്ദമാധുര്യം കണ്ടെത്തിയത് അതീന്ദ്ര ചക്രബർത്തി എന്ന എൻജിനീയറാണ്.
റെയിൽവേ സ്റ്റേഷനിൽ റാണു പാടുന്നത് പകർത്തിയ അതീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ‘തേരീ മേരീ കഹാനി’ എന്ന റാണുവിന്റെ ഗാനം ലക്ഷങ്ങളാണ് ശ്രവിച്ചത്.