എടവണ്ണ: ഊർങ്ങാട്ടിരി -എടവണ്ണ പഞ്ചായത്തതിർത്തികളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടൻ -ചെക്കുന്ന് മലവാരങ്ങൾ പാറമടകളാൽ നിറയുന്നു. ചെറുതും വലുതുമായി നിരവധി പാറമടകളും ക്രഷർ എം.സാൻഡ് യൂണിറ്റുകളും പ്രദേശത്തെ പരിസ്ഥിതി വിനാശത്തിലേക്ക് നയിക്കുന്നതായി നാട്ടുകാർ.

ഊർങ്ങാട്ടിരി പഞ്ചായത്തിലേയും എടവണ്ണ പഞ്ചായത്തിലേയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ് പാറമടകൾ. ദിവസവും അനിയന്ത്രിതമായ സ്‌ഫോടനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മലമുകളിലെ ആദിവാസിക്കുടുംബങ്ങളും നിരന്തരം പരാതികളുന്നയിക്കുന്നു. പാറമടകളിലെ സ്‌ഫോടനങ്ങൾ കാരണം വീടുകൾക്ക് വിള്ളലുകൾ രൂപപ്പെടുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മലയിൽ പലയിടത്തും നേരത്തെ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. കനത്തമഴ പെയ്താൽ ഈ വിള്ളലുകൾ അപകടസാധ്യത വർധിപ്പിക്കുമെന്ന് പരിശോധന നടത്തിയ വിദഗ്ധസംഘവും അഭിപ്രായപ്പെട്ടിരുന്നു.

പരിസ്ഥിതിദുർബല പ്രദേശത്ത് പാറമടകൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ സമര രംഗത്തിറങ്ങിയിരുന്നു. ചാത്തല്ലൂരിൽ പാറമടയ്ക്കു മുൻപിൽ മൂന്നുമാസം ഇരുപ്പുസമരവും നടത്തി. എന്നാൽ പിന്നീട് സമരം നിലച്ചു.

ഈ പാറമടയ്ക്ക് സമീപം എടവണ്ണ പഞ്ചായത്തുപരിധിയിൽ ഇപ്പോൾ മറ്റു വ്യവസായ യൂണിറ്റുകൾക്കും തയ്യാറെടുപ്പുകൾ തുടങ്ങി. രാഷ്ട്രീയപാർട്ടികൾ പരസ്പരം വാദ പ്രതിവാദങ്ങൾ നടത്തി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന പരാതികളും ഇതോടൊപ്പമുയരുന്നു.

കേന്ദ്രസംഘം കുട്ടാടൻ, ചെക്കുന്ന് മലവാരങ്ങളെ പരിസ്ഥിതി ആഘാത മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളില്ലാതെ വ്യവസായ യൂണിറ്റുകൾ ഉയരുന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനകീയ വിചാരണയ്ക്കുപോലും മുതിരാതെ ഈയിടെ പടിഞ്ഞാറേ ചാത്തല്ലൂരിലെ പാറമടയിൽ പുതിയ പ്രവൃത്തികൾക്ക് അനുമതി നൽകിയെന്നാണ് ആരോപണം.

പാരിസ്ഥിതി പ്രശ്‌നങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും ചാത്തല്ലൂർ മേഖലയെ ഇത്തരം വ്യവസായ യൂണിറ്റുകൾ വരൾച്ചയിലേക്ക് നയിക്കുന്നുവെന്നുമാണ് പരാതികൾ. വെള്ളച്ചാട്ടങ്ങളാലും പുൽമേടുകളാലും മനോഹാരിതയേറിയ പ്രദേശങ്ങളാണ് ചെക്കുന്നിലുള്ളത്. എന്നാൽ വെള്ളച്ചാട്ടങ്ങൾക്ക് സമീപംവരേ പാറമടകളെത്തിയെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പാറമടകളിലേക്കും വ്യവസായ യൂണിറ്റുകളിലേക്കുമുള്ള ഭാരവാഹനങ്ങളുടെ അനിയന്ത്രിത ഗതാഗതം ഗ്രാമീണ റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുന്നു.ഊർങ്ങാട്ടിരിക്കും എടവണ്ണയ്ക്കും ഉറക്കം നഷ്ടപ്പെടുന്നു

പുതിയ കരിങ്കൽക്വാറി: പരാതികേൾക്കൽ 28-ന്

ഊർങ്ങാട്ടിരി വില്ലേജ് പരിധിയിൽ പുതിയ ഗ്രാനൈറ്റ് ബിൽഡിങ് സ്റ്റോൺ ക്വാറിയ്ക്കും പദ്ധതി. സംസ്ഥാന മലീനികരണ നിയന്ത്രണ ബോർഡിൽ സമർപ്പിച്ച അനുമതി അപേക്ഷയിൽ പരാതികേൾക്കൽ നടക്കും. കേന്ദ്ര പരിസ്ഥിതി, വനംവകുപ്പ് മന്ത്രാലയത്തിന്റെ 2006-ലെ വിജ്ഞാപന പ്രകാരമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പരാതികേൾക്കുന്നത്. 28 -ന് രാവിലെ 10.30-ന് മലപ്പുറം നഗരസഭാ ഓഡിറ്റോറിയത്തിലാണ് പരിപാടി.

പദ്ധതിയെക്കുറിച്ച് ആശങ്കയുള്ള സമീപ വാസികൾക്ക് അഭിപ്രായങ്ങൾ വാക്കാലോ രേഖാമൂലമോ സമർപ്പിക്കാം. ഇതേസമയം നടക്കുന്ന ഗൂഗിൾ മീറ്റിലും പരാതികൾ ബോധിപ്പിക്കാം. ഭൂമി, വായു, ജലം, ശബ്ദം, ജൈവ പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം എന്നിവയാണ് പരിസ്ഥിപ്രശ്‌നങ്ങളിലും മലിനീകരണ സാധ്യതകളിലും ഉൾപ്പെടുന്ന ഘടകങ്ങൾ.