മലപ്പുറം: മലപ്പുറം ജില്ലാകളക്ടര്‍ ജാഫര്‍ മാലിക്കിനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എയുടെ മാനനഷ്ടക്കേസ്. ആദിവാസികള്‍ക്ക് ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കളക്ടര്‍ക്കെതിരേ വിജിലന്‍സ് ഡിവൈ.എസ്.പിക്കും അദ്ദേഹം പരാതിനല്‍കി.
ദിവസങ്ങളായി തുടരുന്ന കളക്ടര്‍-എം.എല്‍.എ. പോര് നിയമത്തിന്റെ വഴിയിലേക്ക് നീങ്ങുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയായ റീബില്‍ഡ് നിലമ്പൂരിന്റെ പേരിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം തുടരുന്നത്.
പദ്ധതിക്കായി പൊതുജനം സൗജന്യമായി നല്‍കിയ ഭൂമി സര്‍ക്കാര്‍ വാങ്ങി അതിന്റെ പണം നല്‍കണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ആവശ്യപ്പെട്ടതായി കളക്ടര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് വ്യാഴാഴ്ച അന്‍വര്‍ ഹൈക്കോടതി അഭിഭാഷകന്‍ മുഖാന്തരം മാനനഷ്ടക്കേസ് ഫയല്‍ചെയ്തത്.
ഭൂമി വാങ്ങാന്‍ വഴങ്ങാത്തതിനാലാണ് തനിക്കെതിരേ എം.എല്‍.എ. തിരിയുന്നതെന്നും കളക്ടര്‍ ആരോപിച്ചിരുന്നു. ഇങ്ങനെ സര്‍ക്കാര്‍ ഭൂമി വില്‍ക്കാനായി താന്‍ കളക്ടറെ സമീപിച്ചിട്ടുണ്ടെങ്കില്‍ അതു തെളിയിക്കണമെന്നും തനിക്കുണ്ടാക്കിയ മാനനഷ്ടത്തിന് മറുപടി പറയണമെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ തന്റെ ഔദ്യോഗിക സംവിധാനങ്ങളെ കളക്ടര്‍ ദുരുപയോഗിക്കുകയാണ്. 14 ദിവസത്തിനുള്ളില്‍ താനയച്ച നോട്ടീസിന് കളക്ടര്‍ മറുപടി പറയണം. അല്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
വീടുനഷ്ടപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി എടക്കര ഉതിരകുളത്ത് കുറഞ്ഞവിലയ്ക്ക് കിട്ടുമായിരുന്ന അഞ്ചേക്കറിലേറെ ഭൂമി ഉയര്‍ന്ന വിലകൊടുത്ത് കളക്ടര്‍ വാങ്ങിയതായും എം.എല്‍.എ. ആരോപിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ടാണ് ഇതിനുപയോഗിച്ചത്. ഇതുമൂലം പൊതുഖജനാവിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതിനല്‍കിയത്. ഇത്തരം അഴിമതികള്‍ക്ക് മറുപടിപറയാതെ അങ്ങനെ ’പായ്ക്ക് ചെയ്ത് രക്ഷപ്പെട്ടുപോകാന്‍’ കളക്ടറെ അനുവദിക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
എം.എല്‍.എ. ഉന്നയിച്ച മറ്റാരോപണങ്ങൾ-
*എടക്കരയിലെ സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല.
* ബന്ധപ്പെട്ട ഉദ്യോഗസ്ഥരൊന്നും ഭൂമി സന്ദര്‍ശിക്കുകയോ നടപടിക്രമങ്ങള്‍ അറിയുകയോ ചെയ്തിട്ടില്ല.
* ഇല്ലാത്ത ഫയലുകള്‍ ഇനി ഉണ്ടാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കും.
* ഭൂമി വാങ്ങുന്ന കാര്യം പരസ്യം ചെയ്യുകയോ സ്വന്തം വെബ്‌സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുകയോ ചെയ്തിട്ടില്ല.
* ഇക്കാലംവരെയായി ഒരു പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രളയബാധിതമേഖലയില്‍ നടന്നിട്ടില്ല. ഒരു വീടുപോലും വെച്ചുകൊടുത്തിട്ടില്ല
*വീടുകള്‍ നഷ്ടപ്പെട്ടവരുടെ പട്ടിക ഒരുമാസം മുമ്പേ ദുരന്തനിവാരണസമിതി എല്ലാ ജില്ലകള്‍ക്കും നല്‍കിയിരുന്നു. മലപ്പുറത്തെ പട്ടിക കളക്ടര്‍ പൂഴ്‌ത്തിവെച്ചു.
എല്ലാം സുതാര്യം, ആർക്കും പരിശോധിക്കാം -കളക്ടർ
തനിക്കെതിരേ പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു. ഭൂമി വാങ്ങിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ്. എല്ലാ ഫയലുകളും ജില്ലാ ഭരണകൂടത്തിന്റെ കൈയിലുണ്ട്. അത് ആർക്കുവേണമെങ്കിലും പരിശോധിക്കാം. തന്റെ നടപടിക്രമങ്ങളെല്ലാം സുതാര്യമാണെന്നും കളക്ടർ പറഞ്ഞു.