പുലാമന്തോൾ: കാൽപനിക ഭംഗിയിൽ പണിതീർത്ത കല്ലുവാതിലൂടെ കടക്കുന്നത് പ്രകൃതിയുടെ വീണ്ടെടുപ്പിന് കളമൊരുക്കുന്ന മണ്ണിലേക്കാണ്. മനുഷ്യനേയും പ്രകൃതിയേയും കലർപ്പില്ലാതെ സ്‌നേഹിച്ച് ചേർത്തണച്ച ഒരു അധ്യാപകന്റെ സമർപ്പണമാണിത്. ഒരുതലമുറയുടെ ഭാവിയും വർത്തമാനവും ഹൃദയഹാരിയായ അനുഭവങ്ങളാക്കിത്തീർക്കണമെന്ന നിശ്ചയദാർഢ്യം.

പുലാമന്തോൾ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് ഈവർഷം വിരമിക്കുന്ന പ്രഥമാധ്യാപകൻ കെ. ഹരിദാസാണ് സ്‌കൂളിന് ജൈവ വൈവിധ്യ ഉദ്യാനമൊരുക്കുന്നത്. ഒരുമാസത്തോളമായി നിർമാണം തുടങ്ങിയിട്ട്. രാവിലെ ആറുമണിയാവുമ്പോഴേക്കും അദ്ദേഹം സ്‌കൂളിലെത്തി പണികൾ തുടങ്ങും. സ്‌കൂൾ പരിസരത്ത് നിർമാണംകഴിഞ്ഞ് ബാക്കി കിടക്കുന്ന കരിങ്കല്ലും പാഴ്ത്തടികളും ഉപയോഗിച്ച് ശിൽപഭംഗിയോടെയാണ് ഉദ്യാനമൊരുങ്ങുന്നത്. പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, താമരക്കുളം തുടങ്ങിയവ ഉൾപ്പെടുന്നു. പ്രാവിന്റെ കൂടുകൾ, പക്ഷികൾക്കുള്ള വെള്ളപ്പാത്രങ്ങൾ എന്നിവയും സജ്ജീകരിക്കാനൊരുങ്ങുന്നു.

ഒഴിവുസമയങ്ങളിലും ഒഴിവുദിവസങ്ങളിലും പ്രിയ അധ്യാപകനെ സഹായിക്കാൻ പ്രകൃതിസൗഹൃദ പാഠം ഏറ്റെടുത്ത വിദ്യാർത്ഥികളുമെത്തും. നാടകങ്ങളുടേയും, ഡോക്യുമെന്ററികളുടേയും, ലഘു സിനിമകളുടേയും സംവിധായകന് മണ്ണ് എല്ലാറ്റിന്റേയും വിളനിലമാണ്. കവിതകളുടെ നൃത്തശിൽപം ഒരുക്കുന്നതിനൊപ്പം വിദ്യാഭ്യാസ പദ്ധതിയുടെ നവീന മാതൃകളുടെ ശിൽപ്പി കൂടിയായ ഇദ്ദേഹം സ്‌കൂളിന്റെ വിജയശതമാനവും, കലാകായിക നേട്ടവും മികവുറ്റതാക്കിയാണ് പടിയിറങ്ങുന്നത്.

സ്‌കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് യാത്രയപ്പുപരിപാടികൾ നടക്കുന്നത്. ഹരിദാസിനൊപ്പം അധ്യാപകരായ എം. ഉണ്ണികൃഷ്ണൻ, പി. ബേബി ശോഭന, കെ.ഡി. ശോഭ എന്നിവരും ഈവർഷം വിരമിക്കുന്നു. 24, 25 തീയതികളിലാണ് ചടങ്ങുകൾ.

Content Highlights: pulamanthole govt hss headmaster k haridas constructing bio garden in school